മേപ്പാടി: ഉരുൾദുരന്തം നടന്ന് 48 ദിവസങ്ങൾക്കുശേഷം ആദ്യമായി എച്ച്.എം.എൽ എസ്റ്റേറ്റിൽ ജോലി പുനരാരംഭിച്ചു. സെന്റിനൽ റോക്ക് എസ്റ്റേറ്റ് ചൂരൽമല ഡിവിഷനിലാണ് തൊഴിലാളികൾ ജോലിക്കിറങ്ങിയത്. ഒരു സ്ത്രീ തൊഴിലാളി അടക്കം 25 പേരാണ് ചൊവ്വാഴ്ച ജോലിക്കെത്തിയത്. വാടക വീടുകളിലുൾപ്പെടെ പല സ്ഥലങ്ങളിൽ താമസിച്ചുവരുന്ന തൊഴിലാളികളിൽ പലർക്കും ജോലിക്കെത്താൻ കഴിഞ്ഞിട്ടില്ല.
സെന്റിനൽ റോക്ക് എസ്റ്റേറ്റിൽ ചൂരൽമല ഡിവിഷനിലാണ് ദുരന്തത്തിനിരകളായി ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുള്ളത്. ആകെയുള്ള 321ൽ 35 തൊഴിലാളികളുടെ ജീവൻ നഷ്ടമായി. കൂടാതെ രണ്ട് സ്റ്റാഫും നാല് അന്തർ സംസ്ഥാന തൊഴിലാളികളും മരിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്തിരുന്നവർ ഇന്ന് കൂടെയില്ലാത്തതിന്റെ ഹൃദയഭാരത്തോടെയാണ് തൊഴിലാളികൾ ജോലി പുനരാരംഭിച്ചത്. ജില്ല കലക്ടർ പുറപ്പെടുവിച്ച നിർദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് ജോലി ചെയ്യേണ്ടത്. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയാണ് ജോലിസമയം നിശ്ചയിച്ചിട്ടുള്ളത്. പുഴയിൽനിന്ന് 50 മീറ്റർ വിട്ടുമാറി മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ, ശക്തമായ മഴ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ജോലി ചെയ്യിക്കരുത് തുടങ്ങിയ നിബന്ധനകളുമുണ്ട്. 47 ദിവസത്തോളമായി ജോലി ചെയ്യാൻ കഴിയാത്തതിന്റെ വരുമാനനഷ്ടം തൊഴിലാളികൾക്കുണ്ടായിട്ടുണ്ട്. ആ നഷ്ടം നികത്താൻ നടപടിയുണ്ടാകണമെന്നും അതോടൊപ്പം വിദൂരസ്ഥലങ്ങളിൽനിന്ന് ജോലിക്കെത്താൻ വാഹനസൗകര്യം കമ്പനി ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.
ഒരു മാസത്തെ ശമ്പളം മുൻകൂറായി മാനേജ്മെന്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം. അത് ഏത് കണക്കിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമല്ല. ജോലി പുനരാരംഭിക്കാനുള്ള നടപടി തൊഴിലാളികൾക്ക് ആശ്വാസകരമാണെന്ന് വാർഡ് അംഗം എൻ.കെ. സുകുമാരൻ പറഞ്ഞു. ദുരന്തത്തിന്റെ ഇരകളായ തൊഴിലാളി കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം കമ്പനി നിർവഹിക്കണമെന്ന് എച്ച്.എം.എസ് ജില്ല സെക്രട്ടറി പി.കെ. അനിൽകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.