മേപ്പാടി: പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് പട്ടയമൊഴികെ മറ്റെല്ലാ രേഖകളുമുണ്ടായിട്ടും അത്യാവശ്യത്തിന് അഞ്ചു സെൻറ് പോലും വിൽക്കാൻ കഴിയാത്ത ഗതികേടിൽ നിരവധി പേർ. മൂപ്പൈനാട്, തൃക്കൈപ്പറ്റ, കോട്ടപ്പടി, വെള്ളാർമല, ചുണ്ടേൽ വില്ലേജുകളിലായി 2000ത്തിലേറെ കൈവശക്കാരാണ് ഇതുകാരണം ഏറെ ദുരിതത്തിലായിരിക്കുന്നത്. ഗ്രോമോർ ഫുഡ് പദ്ധതിയനുസരിച്ച് ഹാരിസൺ അടക്കം പ്രമുഖ തോട്ടങ്ങളിൽനിന്ന് കൃഷിക്കായി അനുവദിക്കുകയും അന്നുമുതൽ അടുത്ത തലമുറയടക്കം കൈവശം വെച്ച് വരുന്നവയുമാണിത്. ഭൂമി 60തുകളിൽ നടന്ന റീസർവേയിൽ ഉൾപ്പെട്ടിട്ടുള്ളവയുമാണ്.
ബേസിക് ടാക്സ് രജിസ്റ്റർ, ഫീൽഡ് മെഷർമെൻറ് ബുക്ക് എന്നിവയിൽ പേരുള്ളവരാണ് കൈവശക്കാർ. തണ്ടപ്പേർ നമ്പർ ഉള്ളതും വർഷങ്ങളായി നികുതി അടക്കുന്നവരുമാണ്. ഈ ഭൂമിക്കൊന്നും തോട്ടങ്ങൾ നികുതി അടക്കുന്നുമില്ല. മുമ്പ് തോട്ടങ്ങളുടെ ഭാഗമായിരുന്നതിനാൽ പട്ടയം ലഭിച്ചിട്ടില്ലെന്നുമാത്രം. എങ്കിലും കൈവശം തീറാധാരങ്ങളുടെ രജിസ്ട്രേഷൻ മുമ്പ് നടന്നിരുന്നു. ഇപ്പോൾ അത് നടത്താൻ രജിസ്ട്രേഷൻ അധികാരികൾ തയാറാകുന്നില്ല. ഭൂമി വിൽപന നടന്നാലും രജിസ്ട്രേഷൻ നടക്കില്ല. ഇതുകാരണം ചികിത്സ, പെൺമക്കളുടെ വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുപോലും അഞ്ചുസെൻറ് വിൽക്കാൻ കഴിയാത്ത ഗതികേടിലാണ് കൈവശക്കാർ.
പട്ടയമില്ലാതെ രജിസ്ട്രേഷൻ നടത്തില്ലെന്ന് അധികാരികൾ പറയുമ്പോൾ അതിന് ഏതെങ്കിലും സർക്കാർ ഉത്തരവുണ്ടോ എന്ന് ചോദിച്ചാൽ അവർക്ക് മറുപടിയില്ല. മുമ്പ് നടത്തിയിരുന്ന കൈവശം തീറാധാരങ്ങളുടെ രജിസ്ട്രേഷൻ ഇപ്പോൾ നടത്തിത്തരില്ല എന്നു മാത്രമേ അവർ പറയുന്നുള്ളൂ. അതേസമയം, അധികാരികളെ 'കാണേണ്ടപോലെ കണ്ട' ചിലരുടെ രജിസ്ട്രേഷൻ നടന്നിട്ടുള്ളതായും ആക്ഷേപമുണ്ട്. ഭൂമിയുടെ കൈവശക്കാർക്ക് സർക്കാർ അടിയന്തരമായി പട്ടയം അനുവദിക്കുകയോ കൈവശം തീറാധാരങ്ങളുടെ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാൻ തീരുമാനമുണ്ടാകണമെന്ന് അഖിലേന്ത്യ കിസാൻ സഭ കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ജോസഫ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.