മേപ്പാടി: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽപെട്ട മുണ്ടക്കൈയിൽ സ്ഥിരമായി പുലിസാന്നിധ്യം. പുഞ്ചിരിമട്ടത്ത് കഴിഞ്ഞ ദിവസം രാത്രി കോഴികളെ പിടിക്കാനും പുലി ശ്രമം നടത്തി. രാത്രിയും പകലും പുലികളെ കാണുന്ന നാട്ടുകാർ ഭീതിയിലാണ്.
പുഞ്ചിരിമട്ടം നിവാസി രാജൻ-റീന ദമ്പതികളുടെ വീടിന് പുറത്തെ കോഴിക്കൂടിന് സമീപത്താണ് പുലിയെ കണ്ടത്. കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ ടോർച്ച് അടിച്ചുനോക്കിയപ്പോൾ പുലിയെ കാണുകയായിരുന്നു. ഒച്ചവെച്ചപ്പോൾ ഓടിമറഞ്ഞു. സമീപത്തെ മറ്റൊരു വീടിനടുത്തും പുലി എത്തി. പകലും ചിലർ പ്രദേശത്ത് പുലിയെ കണ്ടതായി പറയുന്നുണ്ട്.
കൂട് സ്ഥാപിച്ച് പുലികളെ പിടിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്. ഒരാഴ്ച മുമ്പാണ് വീടിനു സമീപം കെട്ടിയിട്ടിരുന്ന വളർത്തുനായെ പുലി കൊന്ന് ഭക്ഷിച്ചത്. മുണ്ടക്കൈയിൽത്തന്നെ ഏതാനും ദിവസം മുമ്പാണ് പകൽ കാട്ടാനയിറങ്ങിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുന്നുണ്ടെങ്കിലും മൃഗങ്ങൾ നാട്ടിലിറങ്ങി ഭീതിവിതക്കുന്നതിന് പരിഹാരം കണ്ടെത്താൻ കഴിയാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.