മേപ്പാടി: ഉഷ്ണക്കാറ്റിൽ വെന്തുരുകി വലഞ്ഞ് വരുന്നവർക്ക് മുളങ്കൂട്ടങ്ങളുടെ തണലിൽ അൽപനേരം വിശ്രമിക്കാൻ ഒരിടമുണ്ട് മേപ്പാടി - മഞ്ഞപ്പാറ റോഡിൽ നത്തംകുനിയിൽ. കാരാപ്പുഴ റിസർവോയറിന് കുറുകെ കടന്നു പോകുന്ന റോഡിനിരുവശത്തും നട്ടു വളർത്തി പരിപാലിച്ച മുളങ്കൂട്ടങ്ങളാണ് തിളക്കുന്ന വെയിലിലും പഴയ വയനാടിനെ ഓർമിപ്പിക്കുന്ന കുളിർമ സമ്മാനിക്കുന്നത്.
മേപ്പാടി - മഞ്ഞപ്പാറ റോഡിൽ നത്തംകുനി മുതൽ നെല്ലാറച്ചാൽ വരെയുള്ള ഭാഗത്ത് മൂന്ന് ഇടങ്ങളിലായി ഒരു കി. മീറ്ററോളം ദൂരത്തിൽ റോഡിനിരുവശത്തും വെച്ചുപിടിപ്പിച്ച് പരിപാലിച്ച മുളങ്കൂട്ടങ്ങളാണ് കൊടും ചൂടിലും തണുപ്പ് നൽകുന്നത്. ഒപ്പം കാരാപ്പുഴ റിസർവോയറിൽ നിന്നുമെത്തുന്ന ഇളം കാറ്റും.
നത്തംകുനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഷഭാരത് സംഘടനയാണ് പള്ളിക്കവലയിലെ യുവാക്കളുടെ സഹകരണത്തോടെ വഴിയോര വനം പദ്ധതിക്ക് രൂപം നൽകി മുളകൾ നട്ടുപിടിപ്പിച്ചത്. മുമ്പ് സുലഭമായിരുന്ന മുളകൾക്ക് നാശം സംഭവിച്ചത് വയനാടിന്റെ കാലാവസ്ഥയെ തകിടം മറിച്ചു. ഏത് വേനലിലും നിലനിന്നിരുന്ന കുളിർമ വയനാടിന് നഷ്ടമായി. ചൂട് വർധിച്ചു. പഴയ കാലാവസ്ഥ തിരികെ കൊണ്ടുവരാൻ മുളകൾ നട്ടു വളർത്തുന്നത് പരിധി വരെ സഹായിക്കുമെന്നാണ് സംഘടന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.