മേപ്പാടി: വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ്, പേവിഷ പ്രതിരോധ കുത്തിവെപ്പ് എന്നിവ നിർബന്ധമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങൾ മാത്രം പ്രായമായ നായ്ക്കുട്ടികളെ കൂട്ടത്തോടെ തെരുവിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് പലരും ഈ ക്രൂരകൃത്യം ചെയ്യുന്നത്.
വാഹനത്തിരക്കേറിയ റോഡരികിൽ വിജനമായ ഭാഗത്ത് ദാഹ ജലമോ ഭക്ഷണമോ കിട്ടാതെ വെയിലും മഴയുമേറ്റ് ഇവ അലയുന്നത് ദയനീയ കാഴ്ചയാണ്. മേപ്പാടി-മുട്ടിൽ റോഡ്, നെടുമ്പാല ക്ഷേത്രം ജങ്ഷൻ, മേലെ അരപ്പറ്റ എന്നിവിടങ്ങളിലൊക്കെ വാഹനത്തിരക്കേറിയ പാതയോരത്ത് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടികളെ കാണാം.
തെരുവു നായ്ക്കൾക്ക് കുത്തിവെപ്പ് നടത്താനും അവക്ക് ഷെൽട്ടർ ഒരുക്കാനും ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം നൽകിയെന്നുപറയുമ്പോഴും അതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
നായ്ക്കളെ തെരുവിൽ കൊണ്ടുവിടുന്നവരെയും തെരുവു നായ്ക്കളെയും ഭക്ഷണം നൽകുന്നവരെയും ഉപദ്രവിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് പൊലീസിന് ഡി.ജി.പിയുടെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വാർത്തകൾ വന്നു. എന്നാൽ, പഞ്ചായത്തധികൃതർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.