മേപ്പാടി: മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ മാരകമായി പരിക്കേറ്റ ആയിഷ എന്ന 69കാരി 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വാടകവീട്ടിലേക്ക് മടങ്ങി. 14 ദിവസം ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായാണ് ചികിത്സ നടത്തിയത്. ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ആയിഷ കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കുടുംബത്തിലെ ഒമ്പതു പേരെയാണ് ആയിഷക്ക് നഷ്ടമായത്. ഗുരുതര പരിക്കായതിനാൽ ആദ്യ ദിവസം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 13 വാരിയെല്ലുകൾ പൊട്ടിയതും അതുമൂലം ശ്വാസകോശത്തിനുണ്ടായ പരിക്കും അന്നനാളത്തിനുണ്ടായ ദ്വാരവും വലത് കൈയുടെ പൊട്ടലും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ജനറൽ സർജറി, അസ്ഥിരോഗം, ഇ.എൻ.ടി, ശ്വാസകോശ രോഗം തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ ശ്രമം ആയിഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
ആദ്യഘട്ടത്തിൽ പലതവണ അവസ്ഥ മോശമായെങ്കിലും പതുക്കെ മരുന്നുകളോട് പ്രതികരിച്ച് സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആയിഷയെ യാത്രയാക്കി. ഡീൻ ഡോ. ഗോപകുമാരൻ കർത്ത പൂച്ചെണ്ട് നൽകി. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ഇ. പ്രഭു, അസോസിയേറ്റ് പ്രഫസർ ഡോ. ഡിനോ എം. ജോയ്, ജനറൽ സർജറി വിഭാഗം മേധാവി ഡോ. വിനോദ് പ്രേം സിങ്, അസി. പ്രഫസർ ഡോ. അശ്വതി കനി, ഡി.ജി.എമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവരും യാത്രയയപ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.