മേപ്പാടി: വാളത്തൂരില്‍ ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് മണ്ണുമാന്തിയും ഗുഡ്സ് വാഹനങ്ങളുമായി ക്വാറി ജീവനക്കാര്‍ വാളത്തൂരില്‍ എത്തിയത്. ക്വാറി തുടങ്ങാനിരിക്കുന്ന പ്രദേശത്തിന്റെ 43 മീറ്റര്‍ ചുറ്റളവില്‍ റെഡ് സോണ്‍ ആണെന്നും നിര്‍മാണങ്ങള്‍ പാടില്ലെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാറപ്പൊട്ടിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത്.
പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസും മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. നൂറോളം വരുന്ന നാട്ടുകാർ പ്രതിഷേധത്തിൽ ഉറച്ചുനിന്നതോടെ ക്വാറി ജീവനക്കാര്‍ പിന്തിരിയുകയായിരുന്നു.
അതീവ പരിസ്ഥിതി ദുർബല പ്രദേശമെന്ന നിലയിൽ എല്ലാ നിർമാണ പ്രവർത്തനവും മണ്ണിളക്കിയുള്ള കൃഷിയും തൊഴിലുറപ്പുപദ്ധതി പോലും ജില്ല ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചതും റെഡ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശവുമായ വാളത്തൂർ ചീരമട്ടം ക്വാറിക്ക് മുപ്പൈനാട് പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കണമെന്ന് നേരത്തേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഹൈകോടതിയിൽ കേസുള്ളതു കൊണ്ട് ലൈസൻസ് റദ്ദാക്കാൻ സാധ്യമല്ല എന്ന വാദം ക്വാറി ഉടമയെ വഴിവിട്ട് സഹായിക്കലാണെന്നും ആക്ഷൻ കമ്മറ്റി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി പഞ്ചായത്തിനും ഉടമക്കും നോട്ടീസയക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
ഹൈകോടതി നോട്ടീസ് ക്വാറി ഉടമയുടെ നിയമലംഘനത്തെ അനുവദിച്ചുകൊടുക്കുന്ന കോടതി ഉത്തരവല്ലെന്നും അവർ പറഞ്ഞിരുന്നു. ക്വാറി നിൽക്കുന്നത് റെഡ് സോണിൽപെട്ട സ്ഥലത്താണെന്നും ക്വാറിയുടെ 43 മീറ്ററിന്റെ പരിധിയിൽ വീടുണ്ടെന്നുമുള്ള വസ്തുത മറച്ചുവെച്ചു കൊണ്ടാണ് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകിയത്.
മൈനിങ് ആൻഡ് ജിയോളജി, ജില്ല മണ്ണുസംരക്ഷണ ഓഫിസർ, വൈത്തിരി തഹസിൽദാർ എന്നിവർ നടത്തിയ പരിശോധനയിൽ ക്വാറിയുടെ 310 മീറ്റർ ചുറ്റളവിൽ ഹൈ ഹസാർഡസ് സോണാണെന്നും 780 മീറ്റർ ചുറ്റളവിൽ ഓറഞ്ച് സോണാണെന്നും തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വാദവും ആക്ഷൻ കമ്മിറ്റി ഉയർത്തി. ഡി.ഡി.എം.എയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വയനാട് കലക്ടറേറ്റിന് മുമ്പിൽ മാർച്ച് രണ്ടിന് ആക്ഷൻ കമ്മറ്റി ധർണ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.