മേപ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല 12.8 കി.മി. റോഡ് പ്രവൃത്തി പൂർത്തീകരിക്കപ്പെടാത്തതിന് കാരണം കണ്ടെത്തി ജനങ്ങളുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ. 2018ൽ ആരംഭിച്ച റോഡ് പ്രവൃത്തി പാതിവഴിയിൽ സ്തംഭിച്ചു. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് 49 കോടി രൂപ അനുവദിച്ചുവെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കരാറെടുത്ത കമ്പനിക്ക് കഴിഞ്ഞില്ല.
ഒടുവിൽ ആ കരാർ കിഫ്ബി പിൻവലിച്ചു എന്നാണ് വിവരം. ഒമ്പത് മീറ്റർ വീതിയുള്ള റോഡ് 12 മീറ്ററാക്കി ഉയർത്തുകയായിരുന്നു ലക്ഷ്യം. ഒന്നര മീറ്റർ വീതം ഇരുവശത്തും ഡ്രെയിനേജ് കൂടി നിർമിക്കണമെന്നായിരുന്നു വ്യവസ്ഥ. വീതി കൂട്ടണമെങ്കിൽ എച്ച്.എം.എൽ അടക്കമുള്ള മൂന്ന് പ്രമുഖ തോട്ടങ്ങൾ സ്ഥലം വിട്ടു കൊടുക്കേണ്ടതായുണ്ട്.
ഹാരിസൺ മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ) ഭൂമി വിട്ടുകൊടുക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. എച്ച്.എം.എൽ തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈകോടതിയിൽ നിലനിൽക്കുന്നുണ്ട്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാറിനാണെന്നാന്ന് വാദം. എച്ച്.എം.എൽ കമ്പനി ചില വ്യാജ രേഖകളുടെ പിൻബലത്തിൽ അനധികൃതമായിട്ടാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും സർക്കാർ വാദിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ദീർഘകാലം എച്ച്.എം.എൽ തോട്ടഭൂമിയുടെ നികുതി സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു.
ഇതിനിടയിലാണ് റോഡ് നവീകരണ പദ്ധതി വരുന്നത്. കമ്പനി റോഡിനായി ഭൂമി വിട്ടു തരണമെങ്കിൽ അതിനായി ജില്ല കലക്ടർ കമ്പനിക്ക് അപേക്ഷ നൽകണം എന്നാണ് കമ്പനി അധികൃതർ ആവശ്യപ്പെട്ടത്. അപേക്ഷ കൊടുത്താൽ കേസിൽ സർക്കാർ ഭാഗം ദുർബലപ്പെടാനിടയാകും എന്നതിനാൽ ജില്ല കലക്ടർ അതിന് തയാറായില്ല.
ഭൂമി എച്ച്.എം.എൽ ഉടമസ്ഥതയിലുള്ളതാണെന്ന് സർക്കാർ സമ്മതിക്കുന്നതിന് തുല്യമാകുമത്. തങ്ങളുടേതല്ല എന്ന് സർക്കാർ പറയുന്ന ഭൂമി തങ്ങൾ എങ്ങനെ എഴുതിക്കൊടുക്കും എന്ന ചോദ്യവും അവർ ഉന്നയിക്കുന്നുവെന്നാണ് സൂചന.
ഭൂമി ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ടത് സർക്കാറാണ്. ഭൂമി വിട്ടുതരാത്ത എച്ച്.എം.എൽ നിലപാടിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ചില സമരങ്ങൾ നടത്തിയിട്ടുണ്ട്. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ കാലത്താണ് റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചതും പ്രവൃത്തി തുടങ്ങിയതും. എന്നാൽ, ഭൂമി ലഭ്യമാക്കാൻ അന്ന് സാധിച്ചില്ല. ഇപ്പോഴത്തെ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഇടപെടലുകൾ നടത്തിയതും ഫലവത്തായില്ല. ഇതിനിടയിൽ റോഡ് വിഷയത്തിൽ എൽ.ജെ.ഡി.യുടെ നിരാഹാര സമരവും നടന്നു.
പിന്നീട് രണ്ട് ഘട്ടങ്ങളിലായി 60 ലക്ഷം രൂപ സർക്കാർ ഫണ്ട് ലഭിച്ചതുകൊണ്ട് കുറെ ദൂരം റോഡ് കുഴി അടക്കാൻ നടപടി സ്വീകരിച്ചു. പല ഭാഗത്തായി ആറ് കിലോ മീറ്ററോളം ടാറിങ് പ്രവൃത്തി മുൻ കരാറുകാരന്‍റെ കാലത്ത് നടന്നു.
ഭൂമി ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യം മുൻ നിർത്തി ഇക്കാര്യത്തിൽ സർക്കാറിനാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക എന്ന വസ്തുത ഇരുവിഭാഗവും തുറന്നു പറയുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി. ജനരോഷം എച്ച്.എം.എൽ. കമ്പനിക്കെതിരെയും എം.എൽ.എക്കെതിരെയും തിരിച്ചുവിടാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ യു.ഡി.എഫാകട്ടെ ധർമ സങ്കടത്തിലുമാണ്.
എച്ച്.എം.എൽ കമ്പനിക്കും എം.എൽ.എക്കുമെതിരായി എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രചാരണ ജാഥ നടത്തുകയും ജൂൺ 19ന് മേപ്പാടിയിൽ സമര കൂട്ടായ്മ ചേരുകയും ചെയ്യും. ഇരുവിഭാഗവും യഥാർഥ പ്രശ്ന പരിഹാരത്തിനുള്ള വഴിയിലൂടെ മുന്നോട്ടു പോകുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.