മേപ്പാടി: ചൂരൽമല റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി താഞ്ഞിലോട് നടത്തിയ റോഡ് ഉപരോധ സമരം അഞ്ചു മണിക്കൂർ നീണ്ടു നിന്നു. തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സമരം ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്. ജില്ല കലക്ടർ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നാണ് സമര സമിതി ആവശ്യപ്പെട്ടത്. കലക്ടറുടെ നിർദ്ദേശമനുസരിച്ച് 11ന് സ്ഥലത്തെത്തിയ വൈത്തിരി തഹസിൽദാർ സജി സമരക്കാരുമായി സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല. ചുരുങ്ങിയ പക്ഷം എ.ഡി.എം എങ്കിലും വന്ന് റോഡ് പണി ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകാതെ പിരിഞ്ഞു പോവില്ലെന്നതിൽ സമര സമിതി ഭാരവാഹികൾ ഉറച്ചു നിന്നു. തുടർന്ന് 12.30 ഓടെ എ.ഡി.എം എൻ.ഐ.ഷാജു സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
നിലവിൽ ഒമ്പതു മീറ്റർ (ചിലയിടത്ത് ഏഴ് മീറ്റർ) വീതിയിൽ ടാറിങ് പ്രവൃത്തി പൂർത്തിയാക്കുന്നതിന് അനുവദിച്ച 32 കോടി രൂപയുടെ ഫണ്ട് മതിയാകില്ലെന്നതിനാൽ 52.26 കോടി രൂപ പുതിയതായി തയാറാക്കിയ എസ്റ്റിമേറ്റിന് സെപ്റ്റംബർ നാലിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കിഫ്ബി ബോർഡിന്റെ അംഗീകാരം നേടി അതിന് ഭരണാനുമതി വാങ്ങും. ടെൻഡർ ചെയ്ത് ഉടൻ പ്രവൃത്തി തുടങ്ങുമെന്ന തരത്തിൽ ജില്ല കലക്ടർക്ക് വേണ്ടി എ.ഡി.എം നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബാബു ഉദ്ഘാടനം ചെയ്തു.
സി. ശിഹാബ്, എ. രാംകുമാർ, എം. ബൈജു, റോഷ്ന യൂസഫ്, ഷാജിമോൻ ചൂരൽമല, ബിന്ദു എന്നിവർ സംസാരിച്ചു. എൻ.കെ.സുകുമാരൻ, നൂറുദ്ദീൻ, വിജയൻ മoത്തിൽ, മിനി കുമാർ, സുകന്യ ആഷിൻ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.