മേപ്പാടി: മതിയായ അനുമതി രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ചുപൂട്ടണമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത്. അനധികൃതമായി പ്രവർത്തിക്കുന്നവർക്ക് നോട്ടീസ് നൽകിവരുകയാണ് പഞ്ചായത്ത്. അനധികൃത സാഹസിക ടൂറിസത്തിലും നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ പറയുന്നു. ഗ്രാമപഞ്ചായത്തിനുള്ളിൽ 700 ഓളം റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിച്ചു വരുന്നുണ്ടെന്നാണ് പഞ്ചായത്തധികൃതർ നൽകുന്ന കണക്ക്. എന്നാൽ, ഇതൊക്കെ നടത്താൻ വേണ്ട അനുമതി രേഖകളുള്ളത് 70ൽ താഴെ സ്ഥാപനങ്ങൾക്ക് മാത്രം. പൊലീസിന്റെ എൻ.ഒ.സി, സ്ഥാപനം റെഡ് സോണില്ല സ്ഥിതി ചെയ്യുന്നതെന്ന രേഖ, ആരോഗ്യ വകുപ്പിന്റെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം, പഞ്ചായത്ത് ലൈസൻസ് എല്ലാം ആവശ്യമാണ്.
എന്നാൽ, ഭൂരിഭാഗം സ്ഥാപനങ്ങളും മതിയായ രേഖകളില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്നു. സാഹസിക വിനോദ സഞ്ചാരത്തിന്റെ മറവിൽ മലകയറ്റം, വനത്തിലൂടെയുള്ള യാത്ര, പുഴകളിലുള്ള കുളി, സുരക്ഷിതമല്ലാതെ ടെന്റ് കെട്ടി താമസം തുടങ്ങിയവ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നുണ്ട്. ഇതിൽ പലതിനും അനുമതി രേഖകളില്ല. ടെന്റിനുള്ളിൽ രാത്രി താമസിച്ച വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവവും സമീപകാലത്തുണ്ടായി.
അനിഷ്ട സംഭവങ്ങളുണ്ടായാൽ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് അടച്ചിടാൻ നിർദേശിക്കും എന്നതൊഴിച്ചാൽ പിന്നീട് നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാറില്ല. അതിനപ്പുറമുള്ള നടപടിയൊന്നും ഇപ്പോൾ പഞ്ചായത്ത് നൽകുന്ന സ്റ്റോപ് മെമ്മോയെത്തുടർന്ന് ഉണ്ടാകില്ല എന്നാണ് ജനങ്ങളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.