മേപ്പാടി: സ്ഥിരം ചുമതലയിലുള്ള റേഞ്ച് ഓഫിസർ നീണ്ട നാളത്തെ പരിശീലനത്തിന് പോയതോടെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസ് നാഥനില്ലാത്ത അവസ്ഥയിലായി. മൂന്നു മാസത്തെ പരിശീലനത്തിനായാണ് ഓഫിസർ പാലക്കാട്ടേക്ക് പോയത്. റേഞ്ച് ഓഫിസർ തീരുമാനമെടുക്കേണ്ട പല ഫയലുകളിലും തീരുമാനമെടുക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടെന്നാണ് വിവിധ സംഘടനകൾ ആരോപിക്കുന്നത്. വന്യമൃഗ ശല്യം സ്ഥിരമായി അനുഭവപ്പെടുന്ന മേഖലയാണ് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകൾ.
പുലി വളർത്തു മൃഗങ്ങളെ കൊല്ലുന്നതും കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. ഇതിനുള്ള പ്രതിരോധ നടപടികൾ, നഷ്ടപരിഹാരം നൽകൽ തുടങ്ങി തീരുമാനമെടുക്കേണ്ട നിരവധി പ്രശ്നങ്ങൾ ജനങ്ങൾക്കിടയിലുണ്ട്.ഇതിനിടയിൽ മരം മുറിക്കാൻ അനുമതിക്കു വേണ്ടിയുള്ള അപേക്ഷകൾ, പാസ്, തുടങ്ങിയ വിഷയങ്ങളും റേഞ്ച് ഓഫിസറുടെ മുന്നിലെത്തുന്നുണ്ട്. അടഞ്ഞു കിടക്കുന്ന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രശ്നങ്ങളുമുണ്ട്. മുത്തങ്ങ റേഞ്ച് ഓഫിസർ സഞ്ജയ് കുമാറിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലേ മേപ്പാടി റേഞ്ച് ഓഫിസിലെത്തുന്നത്. പ്രശ്നപരിഹാരം വേണമെന്ന് ആർ.ജെ.ഡി .ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.