റിപ്പൺ സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സമന്വയം ഗ്രന്ഥശാല ഭാരവാഹികൾ വിദ്യാഭ്യാസമന്ത്രി കെ. ശിവൻകുട്ടിക്ക് നിവേദനം നൽകുന്നു

മൂപ്പൈനാടിന് വേണം ഹയർ സെക്കൻഡറി സ്കൂൾ...

മേപ്പാടി: തോട്ടം മേഖലയിലേയും ഗോത്ര വിഭാഗത്തിലേയും കുട്ടികൾ ഏറെയുള്ള മൂപ്പൈനാട് പഞ്ചായത്തിൽ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനായുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. ഈ ആവശ്യമുന്നയിച്ച് അധികാരികൾക്ക് നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ റിപ്പൺ ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്ല. പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്നതുമായ തോട്ടം തൊഴിലാളികളുടെ കുട്ടികൾക്കും ചോലനായ്ക്ക, കാട്ടുനായ്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഗോത്ര വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി പഠനത്തിനായി തൊട്ടടുത്തുള്ള അമ്പലവയൽ, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലുള്ള സ്കൂളുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കാനാവാതെ പാതി വഴിയിൽ കൊഴിഞ്ഞുപോയ ഗോത്ര വിദ്യാർഥികളേറെയാണ്. നിലവിൽ 615 കുട്ടികളാണ് റിപ്പൺ ഗവ. ഹൈസ്കൂളിൽ പഠിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് വർഷങ്ങൾക്ക് മുമ്പ് തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ചതാണ് റിപ്പൺ സ്കൂൾ.

1980കളിൽ തോട്ടം മേഖലയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്കൂളിന്റെ പ്രവർത്തനം നിർത്താൻ മാനേജ്മെന്റ് തീരുമാനമെടുത്തു. വിവരം അറിഞ്ഞ് നാട്ടിലെ അക്ഷര സ്നേഹികൾ ഇടപെടുകയും എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ സമരങ്ങളുടെയും ചർച്ചകളുടെയും ഫലമായി റിപ്പൺ സ്കൂൾ വിട്ടു നൽകാൻ സമ്മതം നൽകുകയും ചെയ്തു. തുടർന്ന് അന്നത്തെ അവിഭക്ത പഞ്ചായത്തായിരുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് റിപ്പൺ സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. പഞ്ചായത്ത് സെക്രട്ടറി മാനേജറായി റിപ്പൺ സ്കൂളിന്റെ പ്രവർത്തനം തുടരുകയും ചെയ്തു.

പിന്നീട് മേപ്പാടി പഞ്ചായത്ത് വിഭജിച്ച് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നതോടെ റിപ്പൺ സ്കൂളിന്റെ നിയന്ത്രണം മൂപ്പൈനാട് പഞ്ചായത്തിൽ നിക്ഷിപ്തമാവുകയായിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ മാനേജർമാരായുള്ള മുഴുവൻ എൽ.പി സ്കൂളുകളും യു.പി സ്കൂളുകളാക്കി ഉയർത്താനും സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചതിന്റെ ഫലമായി റിപ്പൺ സ്കൂളും യു.പി സ്കൂളായി മാറി. തുടർന്ന് വന്ന സർക്കാർ റിപ്പൺ സ്കൂൾ ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയർത്തി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആർ.എം.എസ്.എ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന മുഴുവൻ ഹൈസ്കൂളുകളും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതേടെ റിപ്പൺ സ്കൂളും ഗവ. ഹൈസ്കൂളായി മാറുകയായിരുന്നു.

മന്ത്രിക്ക് നിവേദനം നൽകി

റിപ്പൺ സ്കൂൾ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യണം എന്നാവശ്യപ്പെട്ട് സമന്വയം ഗ്രന്ഥശാല ആഭിമുഖ്യത്തിൽ 1250 പേർ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ശിവൻകുട്ടിക്ക് കൈമാറി. സമന്വയം സെക്രട്ടറി ഉദൈഫ റിപ്പൺ, ലൈബ്രേറിയൻ പി.വി. കദീജ, എക്സിക്യൂട്ടിവ് അംഗം വി. ദീപിക, സ്ഥാപക സെക്രട്ടറി കെ. അഷ്റഫ് അലി എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.

തോട്ടം മേഖലയിലേയും ഗോത്ര വിഭാഗത്തിലേയും കുട്ടികൾ പഠിക്കുന്ന സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. 

Tags:    
News Summary - Muppainad wants Higher Secondary School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.