ആ​ദി​ദേ​വ്

നാടിനെ നടുക്കി പിഞ്ചുകുഞ്ഞിന്റെ അരുംകൊല

മേപ്പാടി: പള്ളിക്കവല കുഴിമുക്ക് പറക്കലിൽ നാലു വയസ്സുകാരന്റെ കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും. ജയപ്രകാശ്-അനില ദമ്പതിമാരുടെ മകന്‍ ആദിദേവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതാണ് നാടിന്റെ നോവായത്.

വ്യാഴാഴ്ച കുട്ടിയെ അംഗൻവാടിയിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് അമ്മക്കും മകനും വാക്കത്തികൊണ്ടുള്ള അയൽവാസിയുടെ വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും അപ്പോൾത്തന്നെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അമ്മ അനില ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയെ മേപ്പാടിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ച കാരണമെന്തെന്ന് അയൽവാസികൾക്കും ബന്ധുക്കൾക്കും ഇനിയും വ്യക്തമല്ല. പ്രതി നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്. പൊലീസ് ജിതേഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദാന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. മുമ്പ് ചില അടിപിടി കേസുകളിൽ ഇയാൾ പ്രതിയായിരുന്നതായി പൊലീസ് വ്യക്തമാക്കി.

ആദിദേവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങൾക്ക് ശേഷം ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേരാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം രാത്രിയോടെ സംസ്കരിച്ചു.

Tags:    
News Summary - murder case of a child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.