മേപ്പാടി: ജില്ലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിൽ ഒന്നായിമാറിയിരിക്കുകയാണ് തൊള്ളായിരംകണ്ടി. രണ്ട് കണ്ണാടിപ്പാലങ്ങൾ, കുട്ടികളുടെ പാർക്ക്, പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളുടെയും വനങ്ങളുടെയും ഹരിതാഭ തുടങ്ങിയവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
കള്ളാടിയിൽനിന്ന് തൊള്ളായിരത്തിലെത്താൻ ആറു കി.മീറ്ററിലധികം സഞ്ചരിക്കണം. ദുർഘടപാതയിലൂടെയുള്ള യാത്ര സാഹസികവുമാണ്.
2018, 2019 വർഷങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് തൊള്ളായിരത്തിലേക്കുള്ള റോഡ് വലിയൊരു ഭാഗം തകർന്നിരുന്നു. ഇതോടെ സ്വകാര്യ കാറുകൾ ഇവിടേക്ക് ഓടിച്ചുകയറ്റാൻ വിഷമമായി. ഈ ഘട്ടത്തിലാണ് കള്ളാടി കേന്ദ്രീകരിച്ച് ഫോർ വീൽ ടാക്സി ജീപ്പുകൾ പാർക്കിങ് ആരംഭിച്ചത്.
ജീപ്പ് സ്റ്റാൻഡിനാകട്ടെ ആർ.ടി.ഒ, പഞ്ചായത്ത് എന്നിവയുടെ അംഗീകാരമൊന്നും ഇല്ല. എങ്കിലും 54 ഫോർ വീൽ ഡ്രൈവ് ടാക്സി ജീപ്പുകളാണ് ഇവിടം കേന്ദ്രീകരിച്ച് ഓടുന്നത്. ഇവർ സഞ്ചാരികളെ തൊള്ളായിരത്തിലെത്തിച്ച് തിരികെ കൊണ്ടുവരും.
അഞ്ചോ ആറോ ആളുകളുടെ ഒരു ഗ്രൂപ്പിന് 1500 രൂപ ചാർജും ഈടാക്കും. സ്വകാര്യ വാഹനങ്ങളിൽ ഇവിടെയെത്തുന്നവരെ ഇവർ നിർബന്ധിച്ച് ഇവരുടെ ടാക്സി ജീപ്പുകളിൽ കയറ്റുന്നു എന്ന ആക്ഷേപവും ഉയർന്നു. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ചില സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. മഴക്കാലത്ത് ടൂ വീൽ ഡ്രൈവ് വാഹനങ്ങൾ മുകളിലേക്ക് ഓടിച്ചുകയറ്റുക ദുഷ്കരമാണ്. അങ്ങനെ ഓടിയ ചില വാഹനങ്ങൾ അപകടത്തിൽപെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ട്രിപ് നടത്തുന്നത് സംബന്ധിച്ച് പുറമെ നിന്ന് ഓട്ടം വരുന്ന ജീപ്പുകാരും കള്ളാടിയിലെ ജീപ്പുകാരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. ചില തർക്കങ്ങൾ പൊലീസ് സ്റ്റേഷനിലേക്കും എത്തി. ഈ സ്ഥിതി തുടരുമ്പോഴാണ് തൊള്ളായിരത്തിലേക്കുള്ള ജീപ്പ് ഓട്ടം സംബന്ധിച്ച് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.
കള്ളാടിയിൽ അംഗീകൃത ജീപ്പ് സ്റ്റാൻഡ് അനുവദിക്കുക, മേപ്പാടി പഞ്ചായത്തിനുള്ളിൽനിന്നുള്ള ടാക്സി ജീപ്പുകൾ മാത്രമേ ട്രിപ് നടത്താവൂ, ജീപ്പുകൾ കള്ളാടി സ്റ്റാൻഡിൽ കൊണ്ടുവന്നിട്ട് ഓടുക, മേപ്പാടിക്കും കള്ളാടിക്കുമിടയിൽ സഞ്ചാരികളെ തടഞ്ഞ് പ്രലോഭിപ്പിച്ച് ജീപ്പുകളിൽ കയറ്റി കൊണ്ടുവരുന്നത് നിർത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കള്ളാടിയിലെ ജീപ്പുകാർ മുന്നോട്ടുവെക്കുന്നത്.
മേപ്പാടി ടൗണിൽനിന്ന് ട്രിപ് വിളിക്കുന്ന സഞ്ചാരികളുമായി പോകുന്ന ജീപ്പുകളെ കള്ളാടിയിൽ തടയാൻ പാടില്ലെന്ന് മേപ്പാടിയിലെ ജീപ്പുകാരും ആവശ്യപ്പെടുന്നു. പല ചർച്ചകൾ ഇതിനകം നടന്നു. ചില കാര്യങ്ങളിൽ ഏകദേശ ധാരണ ഉണ്ടായതായും സൂചനയുണ്ട്.
തൊള്ളായിരം കണ്ടിയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി തൊള്ളായിരംകണ്ടി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിൽനിന്ന് ഗ്രാമപഞ്ചായത്തിനുകൂടി വരുമാനം ലഭിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.