മേപ്പാടി: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് മേപ്പാടി ചെമ്പ്ര ഗവ. യു.പി സ്കൂളിന് മോചനമാകുന്നു. സ്കൂളിനായി എരുമക്കൊല്ലിയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് അനുവദിച്ച 1.8 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ ഇതു വരെ പ്രവർത്തിച്ചിരുന്ന കെട്ടിടം സുരക്ഷിതമല്ലെന്നതിന്റെ അടിസ്ഥാനത്തിൽ അവിടെ പ്രവർത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. അതോടെ സ്കൂളിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സ്കൂൾ തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായി.
കാട്ടാനകളടക്കമുള്ള വന്യമൃഗ ശല്യവും പ്രദേശത്തുണ്ടായിരുന്നു. അതിനാൽ ഇവിടേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ ഭയപ്പെട്ടിരുന്നു. പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമിക്കുന്നതിന് കടമ്പകൾ ഏറെയായിരുന്നു. പഴയ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം എസ്റ്റേറ്റിന് വിട്ടുകൊടുത്താൽ എരുമക്കൊല്ലിയിൽ പകരം സ്ഥലം നൽകാമെന്ന് മാനേജ്മെൻറ് ഉറപ്പ് നൽകിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഭൂരേഖകളുടെ കൈമാറ്റവും സ്കൂളിന്റെ ലോഞ്ചിങ്ങും കഴിഞ്ഞ ദിവസം എരുമക്കൊല്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പുതിയ കെട്ടിടം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.