മേപ്പാടി: അയൽ സംസ്ഥാനങ്ങളിൽ വിളയുന്ന കോളി ഫ്ലവറും കാരറ്റും ബീറ്റ്റൂട്ടുമെല്ലാം വയനാട്ടിലും കൃഷി ചെയ്തുണ്ടാക്കാം. വേണമെന്ന് വിചാരിക്കണം. ഇത് പറയുന്നത് മേപ്പാടി മൃഗാശുപത്രി ജീവനക്കാർ. പറയുക മാത്രമല്ല, അത് തെളിയിക്കുകയുമാണ് അവർ.
കാടുമൂടിക്കിടന്ന മൃഗാശുപത്രി വളപ്പിൽ ഒഴിവുള്ള സ്ഥലത്ത് ഇവർ കൃഷി ചെയ്ത പച്ചക്കറികൾ സമൃദ്ധമാണ്. വെണ്ട, വഴുതന, പയർ, പാവൽ, പച്ചമുളക്, കാന്താരി, തക്കാളി എന്നിവക്ക് പുറമെ കാബേജ്, കോളി ഫ്ലവർ, കാരറ്റ്, മല്ലിയില തുടങ്ങിയവ ഇവിടെ സമൃദ്ധമായി വളരുന്നു. എല്ലാം ഗ്രോബാഗിലാണ് വളർത്തുന്നത്.
ചാണകം, ചാരം എന്നിവയാണ് ഉപയോഗിക്കുന്നത്. കൃഷിക്കും വീട്ടുകാർക്കും കുരങ്ങ് ശല്യമുള്ള പ്രദേശമാണ്. ആശുപത്രി അടച്ചു കഴിഞ്ഞാൽ പരിസരവാസികളായ നാട്ടുകാരാണ് കുരങ്ങുകളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നത്. ചാണകപ്പൊടി നാട്ടുകാർ തന്നെ ഇട്ടു കൊടുക്കും.
വിളവെടുക്കുമ്പോൾ അത് പരിസര വാസികൾക്ക് നൽകും. പുറത്ത് വിൽക്കാറില്ല. വിപണിയിൽ വാങ്ങുന്ന എല്ലായിനം പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഈ പ്രയത്നമെന്ന് ലൈവ് സ്റ്റോക് അസിസ്റ്റൻറ് കെ.ആർ. രശ്മി പറഞ്ഞു.
മൃഗാശുപത്രിയിലെ ഡോ. ജയരാജ്, ജീവനക്കാരായ സുരേന്ദ്രൻ, റിൻസി എന്നിവരുടെ കൂടി സഹകരണത്തോടെയാണ് പച്ചക്കറി കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.