മേപ്പാടി: കൃഷി ചെയ്യാൻ വാങ്ങിയ നെൽവിത്താണോ മണ്ണാണോ കാലാവസ്ഥയാണോ ചതിച്ചതെന്നറിയില്ല. പാട്ടത്തിനെടുത്ത 75 സെൻറ് വയലിൽ കൃഷിയിറക്കിയ കർഷകന് വിളഞ്ഞത് പൂർണമായും പതിര്. മേപ്പാടി ചെമ്പോത്തറ സ്വദേശി കളത്തിൽ കെ. അസൈനാറാണ് 'കണ്ണീർ മണികൾ' വിളവെടുക്കേണ്ടി വന്ന കർഷകൻ.
സുൽത്താൻ ബത്തേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയനാട് ജില്ല പഴം പച്ചക്കറി മാർക്കറ്റിങ് സൊസൈറ്റിയുടെ കൽപറ്റയിലെ ഡിപ്പോയിൽനിന്ന് 800 രൂപ വില നൽകി ജൂലൈ 26ന് വാങ്ങിയ 20 കിലോ ആതിര നെൽവിത്താണ് അസൈനാർ കൃഷിക്കായി ഉപയോഗിച്ചത്.
അഞ്ചു മാസമായി കൃഷി ചെയ്യുന്നു. വയലിൽ നെല്ല് നന്നായി വിളഞ്ഞത് കണ്ട് സന്തോഷിച്ചെങ്കിലും വിളവെടുപ്പിന് സമയമായപ്പോൾ പ്രതീക്ഷകളെല്ലാം പാഴായി. ഒരൊറ്റ നെന്മണി പോലുമില്ലാതെ വിളഞ്ഞത് മൊത്തം പതിരായി. സ്വന്തം അധ്വാനം ഒഴിച്ചു നിർത്തിയാൽ 50,000 രൂപയിലധികം കടം വാങ്ങി ചെലവഴിച്ചാണ് അസൈനാർ കൃഷി നടത്തിയത്. 15 ക്വിൻറൽ നെല്ലെങ്കിലും പ്രതീക്ഷിച്ച കർഷകന് ഒരു മണി നെല്ല് പോലും ലഭിച്ചില്ല. കേവലം ഒമ്പതു സെൻറ് ഭൂമിയും വീടും മാത്രം സ്വന്തമായുള്ള അസൈനാർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. തൊട്ടടുത്ത വയലിൽ നെൽകൃഷി ചെയ്തവർക്ക് വിളവിന് ഒരു കുഴപ്പവുമില്ല. തെൻറ കൃഷി മാത്രം പതിരായിപ്പോയതെങ്ങനെയെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് അസൈനാർ.
കൃഷി വകുപ്പധികൃതരെ വിവരമറിയിച്ചു. അവർ വന്നു നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വിത്താണോ, കൃഷിയിറക്കിയ മണ്ണാണോ, കാലാവസ്ഥയാണോ ചതിച്ചതെന്നറിയാത്ത അവസ്ഥയിലാണ് അസൈനാർ.
തനിക്കുണ്ടായ പതിനായിരങ്ങളുടെ നഷ്ടം ആര് തരുമെന്നറിയില്ല. വാങ്ങിയ കടങ്ങൾ എങ്ങനെ വീട്ടുമെന്നും അറിയാത്ത അവസ്ഥയിലാണിദ്ദേഹം. കൃഷി വകുപ്പധികൃതർ വിത്ത്, മണ്ണ് എന്നിവ പരിശോധനക്ക് വിധേയമാക്കി നെല്ല് പതിരായിപ്പോയതിെൻറ കാരണം കണ്ടെത്തണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് അസൈനാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.