മേപ്പാടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച സ്പെഷൽ സ്കൂൾ പഞ്ചായത്ത് അടച്ചുപൂട്ടാൻ നീക്കംനടത്തുന്നതായി ആരോപിച്ച് പ്രതിഷേധവുമായി രക്ഷിതാക്കൾ. ചന്തക്കുന്നിൽ പ്രവർത്തിച്ചുവന്നിരുന്ന ഗോൾഡൻ ബെൽസ് ബഡ്സ് സ്പെഷൽ സ്കൂൾ അടച്ചുപൂട്ടി താക്കോൽ തിരികെ ഏൽപിക്കാൻ അധ്യാപികയോട് അധികൃതർ നിർദേശിച്ചിരുന്നു. പിന്നാലെയാണ് രക്ഷിതാക്കളും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും മാറ്റിസ്ഥാപിക്കുകയാണെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരുവർഷത്തിലേറെയായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന് പ്രതിമാസം 10,500 രൂപ വാടക നൽകുന്നുണ്ട്. അധ്യാപിക, ആയ എന്നിവർക്ക് ശമ്പളവും നൽകുന്നു. കുറഞ്ഞ വാടകക്ക് അത്യാവശ്യ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടം കണ്ടെത്തി സ്കൂൾ അവിടേക്ക് മാറ്റിസ്ഥാപിക്കാനാണ് ഭരണസമിതി ആലോചിച്ചത് എന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. അബ്ദുൽ അസീസ് പറഞ്ഞു. ഫർണിച്ചറും മറ്റ് സാധനങ്ങളും സി.ഡി.എസ് കെട്ടിടത്തിലെ ഒരുമുറിയിലേക്ക് മാറ്റാനും തൽക്കാലം പഴയ കെട്ടിടം ഒഴിഞ്ഞുകൊടുക്കാനുമാണ് ആലോചിച്ചത്. സ്കൂൾ തുറക്കുന്നതിന് മുമ്പായി സൗകര്യപ്രദമായ മറ്റൊരു ഇടം കണ്ടെത്താനുമാണ് ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, നിലവിലുള്ള പി.ടി.എ കമ്മിറ്റി ഭാരവാഹികളെപ്പോലും അറിയിക്കാതെയാണ് അധികൃതർ ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് രക്ഷിതാവ് സതീഷ് പറഞ്ഞു. മുൻ ഭരണസമിതി നിയമിച്ച ആയയോട് സേവനം അവസാനിപ്പിക്കാൻ നോട്ടീസ് മൂലം അറിയിപ്പ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചിന് ചേരുന്ന ഭരണസമിതി യോഗം വിഷയം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.