മേപ്പാടി: വനാവകാശ നിയമ പ്രകാരം ഭൂമി അനുവദിച്ച് ആദിവാസികളെ പുനരധിവസിപ്പിച്ച മേപ്പാടി 21ാം വാർഡിലെ കല്ലുമല റാട്ടക്കൊല്ലി കോളനിവാസികൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ. 42 വീടുകളിലായി അമ്പതിൽപരം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വികസനവും ഇവിടേക്കെത്തിയിട്ടില്ല.
ആരംഭകാലത്ത് പട്ടികവർഗ വകുപ്പ് അനുവദിച്ച വീടുകൾ ഒട്ടുമിക്കവയും ജീർണാവസ്ഥയിലാണ്. റോഡ്, സാംസ്കാരിക നിലയം, അംഗൻവാടി എന്നിവയോ ഓൺലൈൻ ക്ലാസിനുള്ള സൗകര്യങ്ങളോ ഇവർക്കില്ല. വയോജന സാക്ഷരത ക്ലാസിന് വൈ.എം.സി.എ നിർമിച്ച ചെറിയ കെട്ടിടം മാത്രമാണ് ഇവർക്കുള്ള ഏക പൊതുസ്ഥാപനം. അതും ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ ജീർണിച്ച നിലയിലാണ്. മേൽക്കൂരക്ക് മരക്കഷണങ്ങൾകൊണ്ട് താങ്ങുകൊടുത്ത് നിർത്തിയിരിക്കുകയാണ്.
കോട്ടനാട് പ്ലാന്റേഷൻ കാപ്പിത്തോട്ടത്തിനുള്ളിലൂടെയാണ് കോളനിയിലേക്കുള്ള മണ്ണ് റോഡ്. ഇത് 250 മീറ്ററോളം കോൺക്രീറ്റ് ചെയ്തത് അടുത്ത ദിവസങ്ങളിലാണ്. കോളനിയുടെ തുടക്കത്തിൽ വരെയേ അതെത്തുന്നുള്ളൂ. കോളനിയിലേക്ക് നല്ല റോഡില്ല. നല്ല വീടുകളും ഇവർക്കില്ല. അടുത്തടുത്ത വർഷങ്ങളിലായി നിരവധി കൗമാരക്കാരുടെ ആത്മഹത്യകളാണ് കോളനിയിൽ നടന്നത്. മദ്യാസക്തി പല കുടുംബങ്ങളുടെയും സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്നു. മദ്യപാനത്തെത്തുടർന്നുള്ള കലഹങ്ങളും വീടുകളിൽ പതിവാണ്.
മദ്യാസക്തിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോളനിയിൽ ക്ലാസ് സംഘടിപ്പിച്ചിരുന്നു. കോളനി ചുമതലയുള്ള വിദ്യാഭ്യാസ വളന്റിയർ എൻ.ആർ. നീമ, ഊരുമിത്ര ബിന്ദു ദാമോദരൻ, സാക്ഷരത പ്രേരക് പി.എസ്. ഗിരിജ എന്നിവർ മുൻകൈയെടുത്താണ് ഇത് സംഘടിപ്പിച്ചത്. പണിയർ, തച്ചനാടൻ മൂപ്പൻ, കുറുമ സമുദായങ്ങളിൽപ്പെട്ട ഇവിടത്തെ കുടുംബങ്ങളിൽപ്പെട്ട കൗമാരക്കാർ പലരും ആത്മഹത്യയിൽ അഭയം തേടിയതിന്റെ കാരണങ്ങൾ കണ്ടെത്താൻ പഠനം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.