മേപ്പാടി: വികസനമെത്താത്ത ഗ്രാമപഞ്ചായത്ത് 21ാം വാർഡിൽപ്പെട്ട കല്ലുമല റാട്ടക്കൊല്ലി കോളനിയിലേക്കുള്ള റോഡ് ആദ്യഘട്ടമെന്ന നിലക്ക് 125 മീറ്റർ ദൂരം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു.
അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. 42 വീടുകളുള്ള റാട്ടക്കൊല്ലി കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതി നിലനിൽക്കുകയാണ്. റോഡ്, അംഗൻവാടി, കമ്യൂണിറ്റി ഹാൾ, നല്ല വീടുകൾ ഒന്നും ഇവിടെയില്ല. കോളനിയുടെ ശോചനീയാവസ്ഥ 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വനാവകാശ നിയമമനുസരിച്ച് ഭൂമി ലഭിച്ച പണിയ, കുറുമ, തച്ചനാടൻ മൂപ്പൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ആദിവാസി കുടുംബങ്ങളാണിവിടെ കഴിയുന്നത്. കടുത്ത അവഗണനയാണ് കോളനിക്കാർ നേരിട്ടിരുന്നത്. ആദ്യകാലത്ത് നിർമിച്ച വീടുകളെല്ലാം ജീർണാവസ്ഥയിലാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും സൗകര്യമില്ല. കോളനിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതാണെന്ന് വാർഡ് അംഗം സി. ഹാരിസ് പറഞ്ഞു. പട്ടികവർഗ വകുപ്പിൽനിന്ന് നാലു പുതിയ വീടുകൾക്ക് ആറുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഇടിഞ്ഞുവീഴാറായ വൈ.എം.സി.എ ഹാൾ പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കും. അതിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മഴ പെയ്താൽ ചളി നിറയുന്ന കോളനിയിലേക്കുള്ള മണ്ണ് റോഡ് മുഴുവനായും കോൺക്രീറ്റ് ചെയ്യാൻ പദ്ധതി ആവിഷ്കരിക്കുമെന്നും കോളനിക്കുവേണ്ടിയുള്ള അടിയന്തര ഇടപെടലുകൾ നടത്തുമെന്നും ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.