മേപ്പാടി: പ്രദേശത്ത് നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘങ്ങൾ വിലസുന്നു. ഒരുമാസത്തിനിടെ അരഡസനിലധികം മോഷണ സംഭവങ്ങളാണ് നടന്നത്.
കുന്നമ്പറ്റ ഈർച്ച മില്ലിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന പള്ളിക്കാടൻ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ലോറിയുടെ രണ്ട് ബാറ്ററികളാണ് വ്യാഴാഴ്ച പുലർച്ചെ 2.30നും മൂന്നിനുമിടയിൽ മോഷ്ടിക്കപ്പെട്ടത്. ഇതിനുതൊട്ടുമുമ്പായി ഓടത്തോട് സ്വദേശിയും പത്രം ഏജന്റുമായ സജിയുടെ ജീപ്പിന്റെ ബാറ്ററിയും മോഷ്ടിക്കപ്പെട്ടിരുന്നു. പുതിയ ബാറ്ററി വാങ്ങി പിടിപ്പിച്ചശേഷമാണ് സജി ജീപ്പ് പുറത്തിറക്കിയത്.
വ്യാഴാഴ്ച പുലർച്ചെ 2.26നാണ് ലോറിയുടെ ബാറ്ററി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ജി.പി.എസ് മുന്നറിയിപ്പ് സന്ദേശം സജിയുടെ ഫോണിൽ ലഭിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ആളുകളടങ്ങിയ സംഘം വാഹനത്തിലെത്തിയാണ് ബാറ്ററികൾ അഴിച്ചെടുത്ത് കൊണ്ടുപോയതെന്നാണ് കരുതുന്നത്.
ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ സജിയും ബഷീറും മേപ്പാടി പൊലീസിൽ പരാതി നൽകി. ഇതിന് മുമ്പുള്ള ദിവസങ്ങളിൽ പ്രദേശത്ത് നടന്ന ബാറ്ററി മോഷണ സംഭവങ്ങളിലും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിലൊന്നും ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.
സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. ഇതാണ് മോഷണം തുടരുന്നതിന് കാരണമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.