മേപ്പാടി: ലോക്ഡൗൺ പിൻവലിച്ചോ എന്ന് സംശയം തോന്നുന്ന വാഹനത്തിരക്കാണ് മേപ്പാടി ടൗണിൽ. പലപ്പോഴും ടൗണിൽ ഗതാഗതക്കുരുക്കും. പല മേഖലയിലും സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ മൂലം കർശന പരിശോധന നടത്തി നടപടിയെടുക്കാനാവാതെ പൊലീസിന് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു.
അവശ്യവസ്തുക്കൾ വാങ്ങാൻ, മരുന്നു വാങ്ങാൻ, ആശുപത്രിയിലേക്ക്, എ.ടി.എം, പെട്രോൾ പമ്പിലേക്ക്, കെട്ടിട നിർമാണ മേഖലയിലെ വിവിധ ആവശ്യങ്ങൾക്ക്, ഹോം ഡെലിവറി തുടങ്ങിയ ഏതെങ്കിലും കാരണം കാണിച്ച് എഴുതിയ സത്യ പ്രസ്താവനയുമായി യഥേഷ്ടം വാഹനങ്ങളുമായി സഞ്ചരിക്കുകയാണ് പലരും. ടൗണിൽ ലോക്ഡൗണിന് മുമ്പത്തെ സാധാരണ ദിവസങ്ങളിലെ പോലുള്ള തിരക്കാണ്.
ലോക്ഡൗൺ എന്തിനു വേണ്ടി പ്രഖ്യാപിച്ചോ, ആ ലക്ഷ്യം പരാജയപ്പെടുന്നു.
കോവിഡ് പോസിറ്റിവ് കേസുകൾ കൂടി വരുന്ന മേപ്പാടിയിൽ തിരക്ക് കുറക്കാൻ പ്രായോഗിക നടപടികൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കെട്ടിട നിർമാണ തൊഴിലാളികൾക്ക് ജോലിക്ക് പോകാമെന്ന സർക്കാർ നിർദേശം വന്നതോടെ ആ അവസരവും ചിലർ ദുരുപയോഗം ചെയ്യുന്നു.
ഒരു ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കൽ ഷോപ്പിലേക്കെന്ന് പറഞ്ഞ് പൊലീസ് പരിശോധന മറികടക്കുന്നവർ നിരവധി. അത്യാവശ്യത്തിനു യാത്ര ചെയ്യുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാൻ കഴിയാതെ വിഷമിക്കുകയാണ് പൊലീസ്. ഭൂരിഭാഗം ഓട്ടോ-ടാക്സി ഡ്രൈവർമാരും വീട്ടിലിരിക്കുമ്പോൾ ഹോം ഡെലിവറി എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആളുകളെ കയറ്റി ഓടുന്ന ഓട്ടോകളുമുണ്ട്.
ടൗണിലിറങ്ങുന്ന ഇരുചക്ര-നാലു ചക്ര വാഹനങ്ങളുടെ വലിയ തിരക്കും അനുഭവപ്പെടുന്നു. എല്ലാവരും സർക്കാർ പ്രഖ്യാപിച്ച ഇളവുകളെ മറയാക്കുമ്പോൾ പൊലീസിന് പരിശോധനയും ഏറെ പ്രയാസകരമാകുന്നു. വാഹനങ്ങൾ കൈ കാണിച്ച് നിർത്തി എവിടെ പോകുന്നു എന്ന് ചോദിക്കുമ്പോഴേക്കും മുൻകൂട്ടി എഴുതി കൊണ്ടുവരുന്ന സത്യവാങ്മൂലം കാണിക്കുന്നു, പൊയ്ക്കോളൂ എന്നു പറയാൻ മാത്രമേ നിവൃത്തിയുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നതും പേരിനു മാത്രം.
കടകളിലും സാമാന്യം നല്ല തിരക്കാണ്. അമ്പലവയൽ, വടുവഞ്ചാൽ ടൗണുകളിൽ കാണുന്നതിെൻറ എത്രയോ ഇരട്ടി വാഹനങ്ങളും ജനങ്ങളുമാണ് മേപ്പാടി ടൗണിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.