മേപ്പാടി: വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്ന മേപ്പാടി മുണ്ടക്കൈയിലെ സീതമ്മക്കുണ്ട് വെള്ളച്ചാട്ടം അപകട മേഖലയായി പ്രഖ്യാപിച്ചിട്ടും സന്ദർശകരെ നിയന്ത്രിക്കാൻ നടപടിയില്ല. കഴിഞ്ഞ പ്രളയങ്ങളിൽ പുഴയുടെ തീരങ്ങൾ ഇടിഞ്ഞതിനാൽ വെള്ളച്ചാട്ടത്തിലേക്കെത്താൻ സുരക്ഷിതമായ വഴിയില്ല. ഇവിടേക്കെത്തിയ വിനോദ സഞ്ചാരികളായ യുവാക്കൾ അപകടത്തിൽ പെടുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇവിടം അപകടമേഖലയായി പ്രഖ്യാപിക്കുകയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിക്കുകയും ചെയ്തത്. സീതമ്മക്കുണ്ടിനെ ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പ് മുതൽ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. സീതമ്മക്കുണ്ടിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്കെത്താറുണ്ടായിരുന്നു.
വെള്ളരിമലയിൽ നിന്നുദ്ഭവിച്ച് ഇതിലൂടെ ഒഴുകുന്ന പുഴയിലെ വെള്ളച്ചാട്ടം മനോഹരമാണ്. പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് ജല പ്രവാഹം പതിക്കുന്നത് ഇനിയും ആഴമെത്രയെന്ന് കണ്ടെത്തിയിട്ടില്ലാത്ത പ്രകൃതി നിർമിതമായ കുളത്തിലേക്കാണ്. ഐതിഹ്യങ്ങളുടെ പശ്ചാത്തലം കൂടിയുണ്ട് സീതമ്മക്കുണ്ടിന്. വനവാസ കാലത്ത് സീത കുളിച്ചിരുന്ന കുളമാണ് സീതമ്മക്കുണ്ട് എന്നാണ് വിശ്വാസം.
കുളി കഴിഞ്ഞ് കുന്നിൻമുകളിലെ മാരിയമ്മൻ കോവിലിൽ സീത ദർശനം നടത്തിയിരുന്നത്രേ. സ്വാതന്ത്ര്യത്തിന് മുമ്പ് തോട്ടം നടത്താനെത്തിയ ഇംഗ്ലീഷുകാർ കുളത്തിൽ കുളിക്കാൻ വരുമായിരുന്നെന്നും പഴമക്കാർ പറയുന്നു. ഐതിഹ്യങ്ങളും ചരിത്രവും ഒത്തുചേർന്ന സീതമ്മക്കുണ്ടിനെ കേട്ടറിഞ്ഞ് നിരവധി വിനോദ സഞ്ചാരികൾ ഇവിടെ സന്ദർശിക്കാനെത്തിയിരുന്നു.
2018-19 പ്രളയകാലത്ത് പുഴയുടെ കരകളിടിഞ്ഞ് ഇവിടേക്കുള്ള പ്രവേശനം ദുഷ്കരമായതിനെ തുടർന്നാണ് സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു കൊണ്ട് ഗ്രാമപഞ്ചായത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇത് അവഗണിച്ച് ചിലർ ഇപ്പോഴും അവിടേക്കിറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നതിനാൽ തടയണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.