മേപ്പാടി: വനത്തിനുള്ളിൽ പൂർണമായും വനം വകുപ്പിെൻറ നിയന്ത്രണത്തിലുള്ള സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം അടിസ്ഥാനസൗകര്യ വികസനത്തിൽ ഇപ്പോഴും പിന്നിൽ. സൂചിപ്പാറ വനസംരക്ഷണ സമിതിക്ക് കീഴിലുള്ള 46 ജീവനക്കാർക്കാണ് കേന്ദ്രത്തിെൻറ ചുമതല.
ടിക്കറ്റ് കൗണ്ടർ മുതൽ വെള്ളച്ചാട്ടം വരെയുള്ള ഒരു കി.മീ റോഡിെൻറ വലതുവശം പൂർണമായും വനഭൂമിയാണ്. ഇടതുഭാഗം സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. അവിടെയാണ് ചില വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
കോടതി വിലക്കിനെത്തുടർന്ന് 2019 മാർച്ച് 27 മുതൽ രണ്ടര വർഷത്തോളം അടച്ചിടേണ്ടിവന്നത് വലിയ ആഘാതമായി. ഇപ്പോൾ ആഗസ്റ്റ് 25 മുതൽ വീണ്ടും തുറന്നുപ്രവർത്തനമാരംഭിച്ചെങ്കിലും കേന്ദ്രത്തിെൻറ വികസനം അനിശ്ചിതത്വത്തിലാണ്. ഒരുദിവസം നിശ്ചിത ആളുകൾക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. ഒരുകിലോമീറ്റർ ദൂരം വനത്തിലൂടെ കാൽനടയായെത്തിയാൽ ഏറെ മനോഹരമായ വെള്ളച്ചാട്ടമാണ് സൂചിപ്പാറയിൽ സഞ്ചാരികളെ വരവേൽക്കുക.
നിലവിലുള്ള വനനിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനേ കേന്ദ്രത്തിന് കഴിയൂ. വനാതിർത്തിക്കുള്ളിൽ ഒരുവിധ നിർമാണ പ്രവർത്തനങ്ങളും അനുവദനീയമല്ല. വനവിഭവങ്ങളുടേതൊഴികെ ഒരു സ്റ്റാൾ പോലും പ്രവർത്തിക്കാൻ കഴിയില്ല.
വനം വകുപ്പിേൻറതിനുപുറമെ രണ്ട് സ്വകാര്യ വാഹന പാർക്കിങ് ഏരിയകളാണ് നിലവിലുള്ളത്. ഈ രംഗത്തും ഗ്രാമപഞ്ചായത്തിന് ചില നീക്കങ്ങൾ നടത്താൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ വ്യാപാര സ്ഥാപനങ്ങളെല്ലാം വർഷങ്ങളായി അടഞ്ഞുകിടന്ന് നാശോന്മുഖമായി.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമുണ്ടായെങ്കിൽ മാത്രമേ കേന്ദ്രത്തിെൻറ പുരോഗതി സാധ്യമാകൂ. ഇതിന് സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തെ പൂർണമായും 'സീനറി ടൂറിസ'ത്തിൽനിന്ന് മുക്തമാക്കി, വനനിയമങ്ങൾക്ക് വിധേയമായി ഫാം ടൂറിസത്തിലേക്ക് പരിവർത്തിപ്പിക്കണമെന്നാണ് ആവശ്യം.
അപൂർവ വനസസ്യങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പാർക്ക്, സ്നേക്ക് പാർക്ക്, പുള്ളിമാൻ തുടങ്ങി അപൂർവ വന്യജീവികളെ സംരക്ഷിക്കുന്ന പാർക്ക്, വനവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ സംരംഭങ്ങൾ ഇവിടെ ആരംഭിക്കാൻ കഴിയും.
സന്ദർശകർക്ക് അറിവും കൗതുകവും പകരാനുള്ള സ്ഥാപനങ്ങൾ ആരംഭിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സഞ്ചാരികൾക്ക് ഭക്ഷണ-താമസ സൗകര്യം തുടങ്ങി പല കാര്യങ്ങളും ഗ്രാമപഞ്ചായത്ത്, കുടുംബശ്രീപോലുള്ള സംവിധാനങ്ങൾക്ക് ഒരുക്കാൻ കഴിയും. ഇവിടേക്കുള്ള റോഡ് നന്നാക്കാൻ നടപടിയുണ്ടാകണം. ജില്ല ഭരണകൂടം മുൻകൈയെടുത്ത് ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ നിർവഹിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ടിക്കറ്റ് കൗണ്ടർ മുതൽ വെള്ളച്ചാട്ടം വരെയുള്ള ഒരു കി.മീറ്റർ ദൂരം കല്ല് പതിച്ചത് ഡി.ടി.പി.സിയാണ്. രണ്ടരവർഷം അടച്ചിട്ടതിനെത്തുടർന്ന് പാതയൊക്കെ കാടുമൂടിയ നിലയിലാണ്. ഇപ്പോഴുള്ളതിനുപുറമെ കൂടുതൽ ഹൃദ്യമായ രണ്ട് വെള്ളച്ചാട്ടങ്ങൾ കൂടി സൂചിപ്പാറയിലുണ്ട്. അവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സന്ദർശകർക്ക് വിനോദത്തിനും വിജ്ഞാനത്തിനും ഗവേഷണത്തിനും പഠനത്തിനും സൗകര്യമുണ്ടാക്കണം. അതിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.