മേപ്പാടി: കാട്ടുപന്നി കുറുകെച്ചാടിയപ്പോൾ ഓട്ടോറിക്ഷ മറിഞ്ഞ് കുരുന്നുജീവൻ പൊലിഞ്ഞത് വന്യജീവി ശല്യത്തിന്റെ ജില്ലയിലെ പുതിയ അപകടമായി. മേപ്പാടി നെടുങ്കരണയിൽ ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
സുബൈറയും മുഹമ്മദ് യാമിനും കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരവേ നെടുങ്കരണയിൽ വെച്ച് പന്നി കുറുകെ ചാടുകയായിരുന്നു. ജില്ലയിൽ കാട്ടുപന്നികളുടെ ആക്രമണങ്ങളും വാഹനങ്ങൾക്ക് കുറുകെച്ചാടുന്നതു മൂലമുണ്ടാവുന്ന അപകടങ്ങളും വർധിച്ചിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായുണ്ട്.
കഴിഞ്ഞ മാസം തൃക്കൈപ്പറ്റയിൽ റോഡിനുകുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണിനാണ് (30) പരിക്കേറ്റത്. തൃക്കൈപ്പറ്റ വില്ലേജ് ഓഫിസിനു സമീപമായിരുന്നു അപകടം.
ജനുവരി 22ന് പത്രം വിതരണം ചെയ്യുന്നതിനിടെ കുളിരാനിയിൽ ജോർജിന്റെ മകൻ ജോജിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു.
2022 മാർച്ച് 14ന് കാട്ടുപന്നി സ്കൂട്ടറിനു കുറുകെ ചാടി ബത്തേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം നേതാവുമായ സി.കെ. സഹദേവന് ഗുരുതര പരിക്കേൽക്കുകയുണ്ടായി. ഫെബ്രുവരി 27ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
കുപ്പാടി കുഴിവിള പ്രകാശിന്റെ മകന് കാര്ത്തികേയന് (കണ്ണന് -18), കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ ബിജു മുരളീധരന്റെ മകന് അഭിരാം (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ ഡ്രൈവിങ് പരിശീലനത്തിനെത്തിയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. 2022 ഒക്ടോബർ നാലിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ കാക്കവയലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
കാവടം കോളനിയിലെ മാധവനാണ് (52) കൊല്ലപ്പെട്ടത്. കോഴിക്കോട്-കൊെല്ലഗൽ ദേശീയപാതയിൽ കാക്കവയലിൽ ഉച്ചക്ക് രണ്ടോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ജനുവരി 17ന് ജോലിക്ക് പോകുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളി തലപ്പുഴ ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
പകൽസമയങ്ങളിൽ പോലും ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നിക്കൂട്ടത്തെ പേടിച്ചു വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥ പല പ്രദേശങ്ങളിലുമുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ ജാഗ്രത സമിതി പോലും വിളിച്ചുചേർക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന പന്നികൾ കപ്പ, ചേന, ചേമ്പ്, വാഴ, കാച്ചിൽ, പച്ചക്കറികൾ എന്നിവ നശിപ്പിക്കുന്നതിനു പുറമെ വളർത്തുമൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.