മേപ്പാടി: നല്ല ചേലാണ് ഓരോ മൺപാത്രവും കാണാൻ. പ്രകൃതിക്ക് ഇണങ്ങിയ ഇത്തരം പാത്രങ്ങൾ നിർമിക്കുന്നവരുടെ ജീവിതങ്ങൾക്കു തീരെ ചേലില്ല. വലിയ പ്രതിസന്ധി നേരിടുകയാണ് പരമ്പരാഗത കൈത്തൊഴിലും കുടിൽ വ്യവസായവുമായ കളിമൺ പാത്ര നിർമാണം.
ഇന്നും ഈരംഗത്ത് തുടരുന്ന കുടുംബങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. അവരെല്ലാം ജീവിത പ്രതിസന്ധി നേരിടുകയാണ്. സർക്കാറിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടായാലേ അന്യം നിന്നുപോകുന്ന ഈ പരമ്പരാഗത കൈത്തൊഴിൽ മേഖല നിലനിൽക്കൂ. എന്നാൽ, അധികൃതർ നടപടികളെടുക്കുന്നില്ല.
മറ്റ് കൈത്തൊഴിലുകളിൽ നിന്ന് വ്യത്യസ്തമായി ജില്ലയിലെ മൺപാത്ര നിർമാണ തൊഴിലാളി കുടുംബങ്ങൾക്ക് ചരിത്രപരമായ പ്രത്യേകത കൂടിയുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പത്തെ രാജഭരണ കാലത്ത് കോവിലകങ്ങളുടെ ആവശ്യത്തിന് കളിമൺ ഉൽപന്നങ്ങൾ നിർമിക്കാൻ ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളി കുടുംബങ്ങളുടെ പിൻമുറക്കാരാണ് ഇന്നിവിടെ അവശേഷിക്കുന്നത്. ആദി ആന്ധ്ര വിഭാഗത്തിൽപ്പെട്ടവരാണവർ. കർണാടകയിൽ നിന്ന് വന്നവരുമുണ്ട്.
മേഖലയിൽ പുറ്റാട്, നത്തംകുനി പുൽക്കുന്ന്, മലയച്ചംകൊല്ലി പ്രദേശങ്ങളിലായി 32 കുടുംബങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവരിൽ അഞ്ചു കുടുംബങ്ങൾ മാത്രമാണ് ഒരു അനുഷ്ടാനമെന്ന നിലയിൽ ഈ പരമ്പരാഗത തൊഴിൽ ചെയ്യുന്നത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഇവരെ അലട്ടുന്നു. പ്രധാനമായും കളിമണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ട്. വിദൂര സ്ഥലങ്ങളിൽ നിന്ന് കളിമണ്ണ് ശേഖരിച്ച് വാഹനത്തിൽ വലിയ വാടക നൽകി എത്തിക്കേണ്ടിവരുന്നു. വിറക്, ചകിരി, വൈക്കോൽ എന്നിവയും വേണം.
200 പൂച്ചട്ടികളുണ്ടാക്കി ഒരു ചൂള വെച്ചാൽ 14000 രൂപ ചെലവ് വരും. അത് ഇടനിലക്കാർക്ക് മൊത്തമായി നൽകിയാൽ 18000 രൂപയാണിവർക്ക് പരമാവധി ലഭിക്കുക. ഒരു പൂച്ചട്ടിക്ക് മൊത്തവില എന്ന നിലക്ക് 80-90 രൂപയാണ് ഇവർക്ക് കിട്ടുക. ഇടനിലക്കാർ അത് ഇരട്ടി വിലക്ക് വിൽക്കും. അവർക്കാണ് ലാഭം കിട്ടുന്നത്.
ആന്ധ്രപ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങൾ ബാങ്ക് വായ്പയിലൂടെ യന്ത്രങ്ങൾ ലഭ്യമാക്കി ശാസ്ത്രീയമായ രീതിയിൽ കളിമൺ ഉൽപന്നങ്ങളുണ്ടാക്കാൻ ഈ മേഖലയിലുള്ളവരെ പരിശീലിപ്പിച്ച് തൊഴിലിൽ പിടിച്ചുനിർത്തുന്നുണ്ട്. ഉൽപന്നങ്ങൾ മൊത്തമായി വാങ്ങി വിപണി കണ്ടെത്തി വിൽക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2016ൽ കേരളത്തിലും മൺപാത്ര വിപണന ക്ഷേമ കോർപറേഷൻ രൂപവത്കരിച്ചു. തിരുവനന്തപുരത്ത് ഒരു ഓഫിസും തുറന്നു. ചെയർമാന് കാറും അലവൻസും പിന്നെ കുറച്ച് ജീവനക്കാർക്ക് ശമ്പളവും ഉണ്ട്. അവരുടെ ക്ഷേമം എന്നതൊഴിച്ചാൽ സാധാരണ തൊഴിലാളികൾക്ക് ഒരു പ്രയോജനവുമില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ ആരോപണം.
സർക്കാറിൽ നിന്ന് ഒരു വിധ പ്രോത്സാഹനവും സഹായവും മൺപാത്ര നിർമാണ മേഖലയിലുള്ളവർക്ക് ലഭിക്കുന്നില്ല. ഗ്രോബാഗുകൾ നിരോധിച്ച സ്ഥിതിക്ക് കൃഷി ഭവൻ മുഖേനയുള്ള പച്ചക്കറിത്തൈ വിതരണത്തിന് മൺചട്ടികൾ ഉപയോഗിക്കാനെങ്കിലും സർക്കാർ തീരുമാനമുണ്ടായാൽ ആശ്വാസമായേനെ. അതിനു പകരം എച്ച്.ഡി.പി.ഇ പ്ലാസ്റ്റിക് ചട്ടികളാണ് ഉപയോഗിക്കുന്നത്. ഇത് മണ്ണിൽ അലിഞ്ഞു ചേരു മെന്നുപോലും ഉറപ്പില്ലെന്നും ഇവർ പറയുന്നു.
ചുരുങ്ങിയ പക്ഷം മൺപാത്ര നിർമാണം ഒരു പരമ്പരാഗത വ്യവസായമായി അംഗീകരിക്കാനെങ്കിലും സർക്കാർ തയാറാകണമെന്നാണിവരുടെ ആവശ്യം. അങ്ങനെ വന്നാൽ അസംസ്കൃത വസ്തുക്കൾക്ക് സബ്സിഡി, വൈദ്യുതി ചാർജിൽ കുറവ്, വിപണി സൗകര്യം എന്നിവയുണ്ടാകും. പക്ഷെ ആ നിലക്ക് സർക്കാർ ചിന്തിക്കുന്നു പോലുമില്ല.
ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് തൊഴിൽ ചെയ്യുന്ന മേപ്പാടി മേഖലയിലെ കുടുംബങ്ങൾ വായ്പ തിരിച്ചടക്കാൻ വിഷമിക്കുമ്പോൾ ഒരു സർക്കാർ ആനുകൂല്യവും ഇവരെ തേടിയെത്തുന്നില്ല എന്നതാണ് യാഥാർഥ്യം.
മലയച്ചം കൊല്ലി സ്വദേശി ബാലസുബ്രഹ്മണ്യൻ ബാങ്ക് വായ്പയെടുത്ത് തന്റെ കുലത്തൊഴിലിനെ നവീകരിക്കാനുള്ള സാഹസിക പരീക്ഷണത്തിലാണിപ്പോൾ. ചെറിയച്ഛന്റെ മകൻ സുനിൽകുമാറുമായി ചേർന്ന് വിപുലമായ രീതിയിൽ കളിമൺ ഉൽപന്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.
രണ്ടാളുടെയും ഭാര്യമാരുടെ പേരിൽ 4 ലക്ഷം രൂപ വീതം ബാങ്ക് വായ്പയെടുത്ത് യന്ത്രങ്ങളൊക്കെ വാങ്ങി വിപുലമായ രീതിയിൽ ഉൽപന്നങ്ങൾ നിർമിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ ന്യായമായ വില കിട്ടുന്ന രീതിയിൽ വിപണി സൗകര്യമില്ല എന്നതാണ് വെല്ലുവിളി. തലച്ചുമടായി കൊണ്ടുനടന്നുള്ള വിൽപന എത്രമാത്രം വിജയിക്കും എന്നത് കണ്ടറിയണം. ബാങ്ക് വായ്പ തിരിച്ചടവ് വലിയ ബാധ്യതയാകുമോ എന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.