മേപ്പാടി: നാലുവയസ്സുള്ള കുട്ടിയെയും അമ്മയെയും പള്ളിക്കവല കുഴിമുക്കിൽ വെച്ച് വെട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ആദിദേവ് (4) മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കിഴക്കേപ്പറമ്പിൽ ജിതേഷിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് നടത്തി.
പള്ളിക്കവല, കുഴിമുക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൃത്യം നടന്ന കുഴിമുക്കിലെത്തിച്ച പ്രതിക്ക് നേരെ സ്ത്രീകളടക്കമുള്ള നാട്ടുകാർ വലിയ രോഷമാണ് പ്രകടിപ്പിച്ചത്. കൽപറ്റ സി.ഐ. സിജു, മേപ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ സിറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് രോഷാകുലരായ നാട്ടുകാരെ നിയന്ത്രിച്ചത്. കൃത്യം നടത്തിയ രീതി പ്രതി പൊലീസിനോട് വിവരിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് പ്രതിയുമായി പൊലീസ് സംഘം കുഴിമുക്കിലെത്തിയത്.
നവംബർ 17ന് രാവിലെ പത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാറക്കൽ ജയപ്രകാശിന്‍റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവരെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വഴിയിൽ വെച്ച് അയൽവാസിയായ പ്രതി ജിതേഷ് വെട്ടുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും നവംബർ 18 ന് അർധരാത്രിയോടെ മരിച്ചു.
പ്രതിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചേർത്തതിനുശേഷമാണിപ്പോൾ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തത്. നേരത്തേ ആക്രമണം നടത്തിയതിനുശേഷവും പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.