മേപ്പാടി: ടൗണിൽ ഓട്ടോ സ്റ്റാൻഡിനടുത്തായി വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാസങ്ങളായി ഇതു തുടരുന്നുവെങ്കിലും പരിഹരിക്കാൻ നടപടിയില്ല. ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്നിടത്തെ ഓട്ടോ സ്റ്റാൻഡിന് സമീപത്താണ് എല്ലാദിവസവും വൈകീട്ട് മൂന്നു മുതൽ ആറുവരെ പൊട്ടിയ പൈപ്പിൽനിന്ന് വെള്ളം ടൗണിൽ നിരന്നൊഴുകുന്നത്. ഇത് വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ദുരിതം വിതക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകൾക്കുള്ളിലേക്കും വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കുന്നത് പതിവാണ്.
സമീപത്തെ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർക്കും ഇത് പ്രശ്നം സൃഷ്ടിക്കുന്നു. പ്രശ്നം പഞ്ചായത്തധികൃതർക്ക് മുന്നിൽ എത്തിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പൈപ്പ് നന്നാക്കാനായി റോഡ് പൊളിക്കാൻ പൊതു മരാമത്ത് വകുപ്പിന്റെ അനുമതിക്കുവേണ്ടി കത്തയച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചില്ലെന്നും പഞ്ചായത്തധികൃതർ പറയുന്നു.
എന്നാൽ, അനുമതിക്കു വേണ്ടി ശക്തമായി ഇടപെടാതെ പഞ്ചായത്തധികൃതർ നിസ്സംഗത പാലിക്കുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.
നടപടി സ്വീകരിക്കേണ്ട പഞ്ചായത്തധികൃതരുടെ നിസ്സംഗതക്കെതിരെ സമരം നടത്താനൊരുങ്ങുകയാണ് ടൗണിലെ ഓട്ടോ ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.