മേപ്പാടി: കെ.ബി റോഡിലെ ഗ്രാമപഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രം സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെ വിഹാര കേന്ദ്രമാകുന്നു. അവിടെയിരുന്ന് മദ്യപിക്കുകയും കുപ്പികൾ ബസ് സ്റ്റോപ്പിനുള്ളിൽത്തന്നെ വലിച്ചെറിയുകയും ചെയ്യുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നു.
രാത്രിയായാൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറുന്ന ബസ് സ്റ്റോപ്പിന് സമീപം ആവശ്യമായ വെളിച്ചമുൾപ്പെടെ സ്ഥാപിക്കാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്. ചൂരൽമല ഭാഗത്തേക്ക് ബസ് കാത്തിരിക്കുന്ന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. നേരെ എതിർവശത്തുള്ള വിദേശ മദ്യവിൽപ്പന ശാലയിൽ നിന്നും മദ്യം വാങ്ങി ആളുകൾ ബസ് സ്റ്റോപ്പിലെത്തി ഉള്ളിലിരുന്ന് മദ്യപിക്കുകയാണ്.
ബിയറിന്റെയും മറ്റു മദ്യങ്ങളുടെയും കുപ്പികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ വലിച്ചെറിയുകയാണ് പലരും ചെയ്യുന്നത്. ഇത് നിത്യേന ബസ് കാത്തിരിക്കുന്ന സ്ത്രീകൾ, വിദ്യാർഥികൾ എന്നിവർക്ക് ശല്യമായി മാറുന്നുണ്ട്. 2011-12 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ചാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ചൂരൽമല ഭാഗത്തേക്ക് പോകാനായി രാത്രി സമയത്ത് പോലും ആളുകൾ ഇവിടെ ബസ് കാത്തിരിക്കാറുണ്ട്.
ഇവരാണ് മദ്യപരുടെ ശല്യത്തിന് കൂടുതലായും ഇരയാകുന്നത്. പൊട്ടിയ ചില്ലു കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കുകളും ബസ് സ്റ്റോപ്പിനുള്ളിൽ തള്ളിയിരിക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്ത് അധികൃതരും പൊലീസും വിഷയത്തിൽ ഇടപെട്ട് പൊതുജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.