മേപ്പാടി: പ്രളയ കാലങ്ങളിലൊക്കെ വീടു വിട്ടോടേണ്ട അവസ്ഥ, പോരാത്തതിന് രൂക്ഷമായ വന്യമൃഗശല്യവും. മേപ്പാടി പുത്തുമല കശ്മീർ ദ്വീപ് പ്രദേശത്തെ 20 ഓളം കുടുംബങ്ങളുടെ ജീവിതം ത്രിശങ്കുവിൽ. ഇവർക്ക് ഭീതിയൊഴിഞ്ഞ കാലമില്ല. മലയാളം പ്ലാന്റേഷനായിരുന്ന കാലത്ത് ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി കശ്മീരിലെ ചതുപ്പുപ്രദേശം തൊഴിലാളികൾക്ക് ഭക്ഷ്യ വിളകൾ കൃഷി ചെയ്യാനായി നൽകിയിരുന്നു.
അവരിൽ ചിലരൊക്കെ ആ ഭൂമി തിരികെ ഏൽപിക്കാതെ സ്ഥിരമായി കൈവശം വെച്ചുവെന്നാണ് പറയപ്പെടുന്നത്. അക്കാരണം ചൂണ്ടിക്കാട്ടി ഗ്രാറ്റ്വിവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ എസ്റ്റേറ്റ് ഇവർക്ക് നിഷേധിച്ച സംഭവങ്ങളുമുണ്ട്. കള്ളാടിപ്പുഴ ഇവിടെ കൈവഴിയായി പിരിഞ്ഞ് ഒഴുകുമ്പോൾ അതിനിടയിൽ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് കശ്മീർ ദ്വീപ് എന്നറിയപ്പെടുന്നത്. ദ്വീപിൽ നാലു കുടുംബങ്ങളുണ്ട്. സമീപ പ്രദേശത്തായി വേറെയും കുടുംബങ്ങളുണ്ട്.
ശക്തമായ മഴയുള്ള കാലത്ത് കുറച്ചുവീടുകളിൽ വെള്ളം കയറുന്നതിനാൽ ഇവരെ മാറ്റിത്താമസിപ്പിക്കാറുമുണ്ട്. ഒരു ഭാഗത്ത് ഹാരിസൺ കൈവശ ഭൂമിയും മറു ഭാഗത്ത് വനഭൂമിയുമാണ്. അതിനിടയിലാണ് ദ്വീപ് പ്രദേശം. പതിറ്റാണ്ടുകളായി ഇവർ കൈവശം വെക്കുന്ന ഭൂമിക്ക് പട്ടയമില്ല, നികുതി സ്വീകരിക്കുന്നുമില്ല എന്നതിനാൽ ഒരു സർക്കാർ ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. പതിറ്റാണ്ടുകളായിട്ടും ഇവരുടെ ദുരിതം പരിഹരിക്കാൻ ഒരു പ്രായോഗിക പദ്ധതിയുമില്ല.
ഭൂമിക്ക് പട്ടയം വേണമെന്ന മുറവിളി ഉയർന്നതിനെത്തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ടുള്ള സംയുക്ത സർവേ നടന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ താൽപര്യമില്ലായ്മയും അനാസ്ഥയും കാരണം കൈവശക്കാർ അവഗണിക്കപ്പെട്ടു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളൊക്കെ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.