മേപ്പാടി: നേരമ്പോക്കിനായി ചെറിയ റീൽസ് ചെയ്തു തുടങ്ങി ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേപ്പാടി മാൻകുന്നു കോളനിയിലെ ശശി-അശ്വതി ദമ്പതികളുടെ ഇളയ മകൾ അർച്ചനയെന്ന കൊച്ചു മിടുക്കി.
സെന്റ് ജോസഫ്സ് യു.പി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിനിയായ അർച്ചനയുടെയുള്ളിൽ നല്ലൊരു കലാകാരി ഒളിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ രാജേന്ദ്രൻ എന്ന അധ്യാപകനാണ് അർച്ചനയെ സിനിമയിലേക്ക് കൈ പിടിച്ച് നടത്തിയത്.
നവാഗത സംവിധായകൻ അലക്സ് പോൾ സംവിധാനം ചെയ്യുന്ന ‘അത് ഞാനായിരുന്നു’ എന്ന സിനിമയിലൂടെയാണ് ബാലതാരമായി അർച്ചന വെള്ളിത്തിരയിലെത്തുന്നത്. കാട്ടിക്കുളം ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റിതു നന്ദയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പൂർണമായും വയനാട്ടിൽ നിന്നുള്ള ഗോത്ര കലാകാരന്മാരെ അണി നിരത്തി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്രേസി സ്പോട്ട്, അലക്സ് പോൾ ക്രിയേഷൻസ്, വൺനസ് ഗ്ലോബൽ ഫിലിം സ്ക്വാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമ - സീരിയൽ കലാകാരന്മാരായ പ്രജീഷ് കുറ്റിക്കൽ, രജീഷ് സോമൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കൂട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ താര പരിവേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അർച്ചനയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.