മേപ്പാടി: മൂപ്പൈനാട് നല്ലന്നൂരിലെ ജനങ്ങളെ ഭീതിയിലാക്കി വളർത്തു മൃഗങ്ങൾക്കു നേരെ വീണ്ടും പുലി ആക്രമണം. നല്ലന്നൂർ പുന്നമറ്റത്തിൽ ജോയിയുടെ വീട്ടിലെത്തി പശുക്കിടാവിനെ ആക്രമിക്കുകയും സമീപത്തെ വീട്ടിലെ വളർത്തുനായയെ കടിച്ചെടുത്ത് കൊണ്ടു പോവുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ പശുക്കുട്ടിയെ എടുത്തു കൊണ്ടുപോകാനുള്ള ശ്രമം പുലി ഉപേക്ഷിച്ചു. വീട്ടുകാരുടെ നേരെയും പുലി ചീറിയടുത്തു. രാത്രി തന്നെ വനം വകുപ്പധികൃതരെ വിവരം അറിയിച്ചെങ്കിലും രാവിലെ എട്ടു മണിക്കാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസത്തിനിടയിൽത്തന്നെ പുലി നല്ലന്നൂർ പ്രദേശത്തു വന്ന് പലരുടെയും വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. പ്രദേശത്ത് നിരന്തരം പുലിയുടെ ആക്രമണം ഉണ്ടാകുമ്പോഴും കൂട് സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പ് അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
പുലി റോഡിന് കുറുകെ ചാടി
മേപ്പാടി: മൂപ്പൈനാട് പുലി റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികനായ വ്യാപാരിക്ക് പരിക്കേറ്റു. തിനപുരം നല്ലന്നൂർ സ്വദേശിയും വ്യാപാരിയുമായ പുളിയകത്ത് ജോസിന് (63) ആണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.