മേപ്പാടി: ട്രാഫിക് പരിഷ്കരണ നടപടികൾ മാസങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഗ്രാമ പഞ്ചായത്ത് മുന്നോട്ടുവെച്ച നിർദേശങ്ങൾ അശാസ്ത്രീയമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നടപ്പാക്കാനുദ്ദേശിക്കുന്ന നടപടികൾ സംബന്ധിച്ച നിർദേശങ്ങളുടെ കരട് എല്ലാ ട്രേഡ് യൂനിയനുകൾക്കും വ്യാപാരി സംഘടനക്കും അയച്ചുകൊടുക്കുകയും അവരുടെ അഭിപ്രായമാരായുകയും ചെയ്തിട്ടുണ്ട്.
ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ മാറ്റുന്നതു സംബന്ധിച്ച എതിർപ്പ് മിക്ക യൂനിയനുകളും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പിന്നീട് ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുചേർത്തിട്ടില്ല. അനുദിനം ടൗണിൽ വാഹനത്തിരക്കും ഗതാഗതക്കുരുക്കും വർധിച്ചുവരുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് ട്രാഫിക് പരിഷകരണം എത്രയും വേഗം നടപ്പാക്കണമെന്നതാണ് പൊതുവായ ആവശ്യം.
പനമരം: ടൗണിലെ ട്രാഫിക് പരിഷ്കരണം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതിൽ പ്രതിഷേധം. ഫെബ്രുവരി ഒന്നു മുതൽ ടൗണിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുമെന്നു വാർത്തസമ്മേളനം നടത്തി അറിയിച്ചിട്ടും പനമരം പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
നേരത്തേ പനമരം പാലം മുതൽ രാധേഷ് തിയേറ്റർവരെയായിരുന്ന ടൗൺ ഇപ്പോൾ കരിമ്പുമ്മൽ പെട്രോൾ പമ്പുവരെ രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുകയാണ്. അന്നുള്ള ട്രാഫിക്ക് നിയമങ്ങൾതന്നെയാണ് ഇന്നും പിന്തുടരുന്നത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ ടൗണിൽ ട്രാഫിക്ക് പരിഷ്കാരം നടപ്പാക്കുമെന്നു പഞ്ചായത്ത് പ്രഖ്യാപിച്ചപ്പോൾ വ്യാപാരികളായിരുന്നു എതിർപ്പുമായി രംഗത്ത് വന്നത്. ഇത്തവണ ഓട്ടോ ട്രേഡ് യൂനിയനാണു പ്രതിഷേധവുമായി രംഗത്തുള്ളത്.
വർഷങ്ങളായി കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം അതേപടി തുടരുന്നതിനാൽ ടൗണിൽ പലയിടത്തും പലതരത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്യാവശ്യകാര്യത്തിനു നിർത്തുന്ന സ്വകാര്യവാഹനങ്ങൾക്ക് പൊലീസിന്റെ പിടിവീഴുമ്പോഴാണ് നോ പാർക്കിങ് ഏരിയയാണെന്നു അറിയുന്നത്.
ദിനേന പത്തും ഇരുപതും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. സ്ഥിരമായി നാല് ഹോംഗാർഡ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ ടൗൺ നവീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു. അതിന് ബജറ്റിൽ തുക വകയിരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
ടൗൺ സൗന്ദര്യവത്കരിക്കുന്നതിന് സ്വന്തമായി ചിലർ നീക്കങ്ങൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി പനമരത്തെ ഓട്ടോ ഡ്രൈവർമാർ ഫുട്പാത്ത് കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് സംരക്ഷിക്കുന്നുണ്ട്. പഞ്ചായത്ത് ടൗൺ നവീകരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.