മേപ്പാടി: മാനംമുട്ടെ വളർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരക്കൊമ്പുകൾ ഏതു നിമിഷവും വീടിനു മേൽ പൊട്ടിവീഴുമെന്ന് ഭയന്ന് സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് വയോധിക ദമ്പതികൾ. നെടുമ്പാല പുതുക്കുടിമുക്ക് കടയ്ക്കാടം വീട്ടിൽ കോരുക്കുട്ടിയും ഭാര്യയുമാണ് ഉറക്കം നഷ്ടപ്പെട്ട് ഓരോ രാത്രിയും തള്ളി നീക്കുന്നത്.
1972 ൽ മറ്റൊരു വ്യക്തിയിൽനിന്ന് വിലക്ക് വാങ്ങിയ സ്ഥലത്താണ് ഇവരുടെ വീട്. ഓടും സിമന്റ് ഷീറ്റും മേഞ്ഞ വീടിന് ഭീഷണിയാണ് സമീപത്ത് വന മേഖലയിലെ യൂക്കാലിപ്റ്റസ് മരങ്ങൾ. നീളമേറിയ മരത്തിന്റെ കൊമ്പുകൾ ഏതുനിമിഷവും ഷീറ്റുമേഞ്ഞ വീടിന് മുകളിൽ പതിക്കാവുന്ന അവസ്ഥയിലാണുള്ളത്. കൊമ്പ് വീണാൽ വീടിന് കേടുപാട് സംഭവിക്കുന്നതിന് പുറമെ ഇരുവർക്കും പരിക്കേൽക്കാനുള്ള സാധ്യതയമുണ്ട്.
ഇവിടം മുമ്പ് എച്ച്.എം.എൽ കമ്പനിയുടെ യൂക്കാലിപ്റ്റസ് പ്ലാന്റേഷൻ ആയിരുന്നു. പിന്നീടത് കേരള വനനിയമം വന്നപ്പോൾ നിക്ഷിപ്ത വനത്തിൽ ഉൾപ്പെടുത്തിയതാണ്. ഇക്കാരണം ചൂണ്ടിക്കാട്ടി മരത്തിന്റെ കൊമ്പ് വെട്ടാൻ പോലും വനം വകുപ്പ് അധികൃതർ സമ്മതിക്കുന്നില്ല എന്നാണ് കോരുക്കുട്ടിയുടെ പരാതി.
വീടിന് ഭീഷണി ഉയർത്തുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റിക്കൊടുക്കാനും വനം വകുപ്പ് അധികൃതർ തയാറാകുന്നില്ല. ഡി.എഫ്.ഒയുടെ അനുമതിയുണ്ടെങ്കിലേ കൊമ്പുകൾ മുറിക്കാൻ കഴിയൂ എന്നു പറഞ്ഞ് ഇവരുടെ പരാതി വനം വകുപ്പ് അധികൃതർ തള്ളിക്കളയുകയാണ്. വർഷങ്ങളായി പരാതി തള്ളിക്കളയുകയാണെന്നും ആക്ഷേപമുണ്ട്.
എത്ര പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല എന്നും കോരുക്കുട്ടി പറഞ്ഞു. കാറ്റു വീശുമ്പോൾ എങ്ങനെ വീടിനുള്ളിൽ കിടന്നുറങ്ങാൻ കഴിയുമെന്നും അവർ ചോദിക്കുന്നു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയോ മനുഷ്യാവകാശ കമ്മീഷനോ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ഈ ദമ്പതികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.