മേപ്പാടി: മേപ്പാടി-മൂപ്പൈനാട്-ഊട്ടി റോഡിലൂടെ ഉച്ചക്ക് നടക്കുകയോ വാഹനമോടിച്ച് പോവുകയോ ചെയ്യുമ്പോൾ ഒരു ബിരിയാണി മണം ഒഴുകിയെത്തും. വഴിയോരത്തുനിന്ന് ബിരിയാണി വിൽക്കുന്ന നത്തംകുനി സ്വദേശി ഉമിഷയിലേക്കാണ് അത് നമ്മെ കൊണ്ടെത്തിക്കുക. രണ്ടു വർഷമാവുന്നു അവർ ഈ നിൽപുതുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാൽ കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട കാലം മുതൽ.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഹോട്ടലുകളെല്ലാം അടഞ്ഞുകിടന്ന ഘട്ടത്തിൽ സഞ്ചാരികൾക്കും നാട്ടുകാർക്കുമെല്ലാം വലിയ ആശ്വാസമായിരുന്നു ഈ ബിരിയാണിപ്പൊതികൾ. കടകൾ വീണ്ടും തുറന്നതോടെ കച്ചവടം ഇടിഞ്ഞു. കാലാവസ്ഥ മോശമാണെങ്കിലും കച്ചവടത്തെ വല്ലാതെ ബാധിക്കും.
ഇപ്പോൾ ദിവസേന 15 മുതൽ 20വരെ ബിരിയാണി ചെലവാകും. ഭക്ഷണവിൽപനയിൽ മുൻപരിചയം ഒന്നുമില്ല. മറ്റാരെയും ആശ്രയിക്കാതെ ഒരു ബിസിനസ് ചെയ്ത് സ്വയം നിലനിൽക്കുകയും മറ്റുള്ളവർക്ക് ഗുണം ചെയ്യുകയും വേണമെന്ന് തോന്നി. നല്ല ഭക്ഷണം നൽകുകയാണ് അതിന് ഏറ്റവും നല്ലതെന്ന് തീരുമാനിച്ചു. ബിരിയാണി വിൽപന തുടങ്ങിയ ശേഷം സ്ഥിരമായി വാങ്ങുന്ന ആളുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. അവർ നൽകിയ ഉപദേശങ്ങൾ കൂടി പരിഗണിച്ച് മാറ്റം വരുത്തിയപ്പോൾ സംഗതി ഉഷാറായി.
ആട്ടിയ വെളിച്ചെണ്ണയിൽ പൊരിച്ച ചിക്കനും മിൽമയുടെ നെയ്യും മേൽത്തരം അരിയുമൊക്കെ ഉപയോഗിച്ച് തയാറാക്കി പാളപ്ലേറ്റിൽ പാക്ക് ചെയ്യുന്ന ബിരിയാണി 100 രൂപക്ക് വിൽക്കുമ്പോൾ അമിത ലാഭം ഒന്നും കിട്ടില്ല. പക്ഷേ, വല്ലാത്ത ഒരു സംതൃപ്തി ലഭിക്കുന്നുവെന്ന് ഉമിഷ പറയുന്നു. മക്കളെ പരിപാലിക്കാനും വീടുവാടക കൊടുക്കാനും തെൻറ ചെറു സംരംഭം കൊണ്ട് ഇവർക്ക് കഷ്ടിച്ച് സാധിക്കുന്നുണ്ട്.
നിലച്ചുപോയ പഠനം പുനരാരംഭിക്കണം, സ്വന്തമായി വീട് ഉണ്ടാക്കണം, ചെറിയ ഒരു കടയിട്ട് കുറച്ച് സ്ത്രീകൾക്കെങ്കിലും തൊഴിൽ നൽകണം എന്നിങ്ങനെ ചില സ്വപ്നങ്ങളും ഉള്ളിലുണ്ട്. അതിനായി പലിശയില്ലാത്ത വായ്പകൾ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ്. ഓരോ വൻകിട സംരംഭകരും ആദ്യമേ തന്നെ വലിയ സ്ഥാപനങ്ങളുമായി വന്നവരല്ലല്ലോ.
ചെറിയ രീതിയിൽ തുടങ്ങി വളർന്നുപന്തലിച്ചവരാണ്. മുതൽമുടക്കാൻ പണമില്ലെങ്കിലും സ്വന്തം കാലിൽ അഭിമാനത്തോടെ ഉയർന്നുനിൽക്കാനുള്ള ആഗ്രഹം തന്റെ ഉള്ളിൽ ആവോളമുണ്ടെന്നും അതിജീവനത്തിന് അത് ധാരാളം മതിയെന്നും അവർ ഉറപ്പിച്ച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.