മേപ്പാടി: വാളത്തൂർ ചീരമട്ടത്തെ കരിങ്കൽ ക്വാറിക്കെതിരെ പ്രത്യക്ഷ സമരവും നിയമപോരാട്ടവും തുടരുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി. സമരത്തിന് മുന്നോടിയായി വാളത്തൂർ ചീരമട്ടത്ത് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സമരപ്പന്തൽ സ്ഥാപിക്കുകയും ചെയ്തു.
ക്വാറിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ക്വാറി ഉടമ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. എന്നാലും പിന്മാറുന്ന പ്രശ്നമില്ലെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ചതിനെത്തുടർന്ന് 2023 ജൂണിൽ പ്രവർത്തനം നിർത്തി വെച്ച ക്വാറിക്ക് വീണ്ടും പ്രവർത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിലെ സാങ്കേതിക പിശക് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. അതിനെതിരെ അപ്പീൽ നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിന് പിന്നാലെ ജനകീയ ആക്ഷൻ കമ്മിറ്റി ചീരമട്ടത്ത് സമരപ്പന്തൽ സ്ഥാപിക്കുകയും ചെയ്തു.
മേയ് ഒന്നിന് റിപ്പൺ പുതുക്കാട് വെച്ച് സമര കാഹളം എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
ജനവാസ മേഖലയിൽ ക്വാറി പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുവെന്നും പ്രദേശത്തെ ജല സ്രോതസ്സുകൾ നശിപ്പിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ക്വാറിക്കെതിരെയുള്ള സമരം വരും തലമുറക്കുവേണ്ടിയുമുള്ളതാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. സമീപ പ്രദേശമായ കടച്ചിക്കുന്നിലെ ക്വാറി പ്രവർത്തനം മൂലം അടുത്തുള്ള വീടുകൾക്കെല്ലാം കേടുപാടുകൾ സംഭവിക്കുകയാണ്. അത് തങ്ങളുടെ പ്രദേശത്തും ആവർത്തിക്കുമെന്നാണ് കരുതുന്നത്.
തങ്ങളുടെ പേരിൽ എത്ര കേസുകൾ ഉണ്ടായാലും സമരത്തിൽനിന്ന് പിന്മാറുകയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.