പ​ച്ച​ത്തേ​യി​ല ശേ​ഖ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ

വേതനക്കരാർ പുതുക്കൽ വൈകുന്നു; തോട്ടം തൊഴിലാളികൾക്ക് ദുരിത ജീവിതം

മേപ്പാടി: 2021 ഡിസംബർ 31ന് തോട്ടം തൊഴിലാളികളുടെ സേവന-വേതന കരാർ കാലാവധി കഴിഞ്ഞ് 10 മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കരാറുണ്ടാക്കുന്നതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിക്കാത്തതിൽ പ്രതിഷേധം. തോട്ടം തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 700 രൂപയാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ക്ഷാമബത്തയടക്കം 419.86 രൂപയാണ് തൊഴിലാളികളുടെ മിനിമം കൂലി.

അതിന് 27 കിലോ പച്ചത്തേയില നുള്ളണം. ഒക്ടോബർ 27ന് ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ അംഗങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ ചർച്ചയിൽനിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. വ്യവസായത്തിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കൂലി വർധനയോടുകൂടിയ കരാറുണ്ടാക്കാൻ കഴിയില്ലെന്ന നിലപാടിലാണവർ.

വിഷയം വീണ്ടും നവംബർ അവസാന ആഴ്ചയിൽ ചേരുന്ന കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്ന് തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനേജ്മെന്റുകൾ വഴങ്ങുമോയെന്ന് കണ്ടറിയണം. ചർച്ചകളെല്ലാം പരാജയപ്പെട്ടാൽ മാത്രമേ സർക്കാറിന് നോട്ടിഫിക്കേഷൻ ഇറക്കാൻ കഴിയൂ.

അതിനും നടപടി ക്രമങ്ങൾ ഏറെയുണ്ട്. ആദ്യപടിയായി കരട് നോട്ടിഫിക്കേഷൻ ഇറക്കണം. അതിന്മേൽ വാദം കേൾക്കൽ നടക്കണം. പിന്നീട് മിനിമം വേജസ് അഡ്വൈസറി ബോർഡ് വിഷയം ചർച്ച ചെയ്ത് മാത്രമേ ഫൈനൽ നോട്ടിഫിക്കേഷൻ ഇറക്കാൻ കഴിയൂ.

നോട്ടിഫിക്കേഷൻ ഇറക്കിയാൽതന്നെ അതിൽ യോജിപ്പില്ലായെങ്കിൽ ഉടമകൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്. അപ്പോൾ സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരാൻ വീണ്ടും സമയമെടുക്കും. കൂലി വർധന ചർച്ച തുടങ്ങുമ്പോൾതന്നെ പച്ചത്തേയിലക്ക് വില കുറയുന്ന പ്രതിഭാസം കാണപ്പെടുന്നുവെന്ന് ചില യൂനിയനുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു കിലോയിന്മേൽ 5,6 രൂപയുടെ കുറവാണിപ്പോൾ ഉണ്ടായിട്ടുള്ളത്. അതിനാൽ സ്വാഭാവികമായും ലേലത്തിൽ ചായപ്പൊടിയുടെ വില കുറയും. വ്യവസായത്തിൽ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കൂലി വർധന എന്ന ആവശ്യത്തെ മാനേജ്മെന്റുകൾ എതിർക്കും. ഇത് പതിവാണെന്നും യൂനിയനുകൾ ആരോപിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ചർച്ചകൾ പരാജയപ്പെടുകയും കരാറിലേക്കെത്താൻ വൈകുകയും ചെയ്യും.

പ്രാഥമിക ഘട്ടത്തിലായതിനാൽ ഈ വിഷയത്തിൽ ഇനിയും നിരവധി വട്ടം ചർച്ചകൾ നടത്തേണ്ടി വരും. ഇപ്പോൾതന്നെ ജീവിതച്ചെലവേറിയ സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും.

Tags:    
News Summary - Wage contract renewal delayed-plantation workers life troubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.