മേപ്പാടി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചുളിക്ക, എളമ്പിലേരി, കുന്നമ്പറ്റ എന്നിവിടങ്ങളിലായി രണ്ട് സ്ത്രീകളടക്കം നാലുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മുമ്പ് ഇതേ സ്ഥലത്തുവെച്ച് കാട്ടാന ആക്രമണത്തിലാണ് മണി മരിച്ചത്. ആശ്രിതനായ മകന് ജോലി കൊടുക്കാമെന്ന വാഗ്ദാനം ഇപ്പോഴും നടപ്പായിട്ടില്ല.
മരിച്ച സ്ത്രീകളിൽ ഒരാൾ എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസില്‍ ഷഹാനയാണ്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയായിരുന്നു. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി രാത്രി എട്ടു മണിയോടെ റിസോര്‍ട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടിരക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.
മരിച്ച മറ്റൊരു സ്ത്രീ കുന്നമ്പറ്റയിലുള്ള തോട്ടം തൊഴിലാളിയായിരുന്നു. വൈദ്യുതി ഫെൻസിങ് അടക്കമുള്ള വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന മുറവിളി ഏറെ നാളായി പ്രദേശത്തുണ്ട്. എന്നാൽ, സാങ്കേതിക നൂലാമാലകളിൽപ്പെട്ട് പല പദ്ധതികളും നടപ്പായില്ല. വർഷത്തിൽ ഒരാളെങ്കിലും കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു എന്നതാണ് അനുഭവം. പ്രദേശത്ത് ഒരുപാട് ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരും ഇപ്പോഴും ചികിത്സയിലാണ്. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്.
മേപ്പാടി: 58 വയസ്സായിട്ടും മറ്റു ജീവിതമാർഗമില്ലാത്തതുകൊണ്ടാണ് കുഞ്ഞവറാൻ തോട്ടത്തിൽ ജോലിക്ക് പോയിരുന്നത്. തോട്ടത്തിലെ പാടിയിലാണ് ഭാര്യയും മക്കളുമൊത്ത് ജീവിച്ചിരുന്നത്. മരിച്ച കുഞ്ഞറവാന് വീടും സ്ഥലവും ഇല്ല. തോട്ടംതൊഴിലാളിയായ കുഞ്ഞവറാൻ പതിവുപോലെ ജോലിക്ക് പോകുന്ന സമയത്താണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടത്. എട്ടോളം ആനകളുടെ കൂട്ടത്തിന് മുന്നിലകപ്പെട്ട കുഞ്ഞവറാനെ കൂട്ടത്തിലുള്ള കൊമ്പൻ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ തൽക്ഷണം കുഞ്ഞവറാന് ജീവൻ നഷ്ടപ്പെട്ടു.
ചളിയിൽ പുരണ്ട നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. നിലവിൽ ഫെൻസിങ് ഉള്ള സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം സംഭവിച്ചത്. വയോധികനെ ആന ആക്രമിക്കുന്നത് കണ്ട് പിറകിൽ വന്ന തൊഴിലാളികൾ സഞ്ചരിച്ച ജീപ്പിലുണ്ടായിരുന്നവർ ഹോണടിച്ച് ഒച്ചയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും കൂട്ടത്തിലുള്ള മറ്റ് രണ്ടാനകൾ വാഹനത്തിനു നേരെ തിരിയുകയായിരുന്നു.
ജീപ്പ് പിന്നോട്ടെടുത്താണ് അവർ രക്ഷപ്പെട്ടത്. അപ്പോഴേക്കും ആനയുടെ ആക്രമണത്തിൽ കുഞ്ഞവറാന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
മേപ്പാടി: ചെമ്പ്ര മലയുടെ താഴ്വാര പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാരുടെ പരാതി. കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം ചുളിക്ക പ്രദേശത്ത് പുലി അടക്കമുള്ള വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പിന്റെ മുണ്ടക്കൈ സെക്ഷൻ ഓഫിസ് ഉപരോധിച്ചിരുന്നു.
വൈകീട്ട് ആറര മുതൽ രാത്രി 8.30 വരെയാണ് ഉപരോധിച്ചത്. പതിമൂന്നാം വാർഡിൽപ്പെട്ട ചുള്ളിക്ക പ്രദേശത്ത് അടുത്ത നാളുകളിലായി നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടും ചുളിക്ക ഫാക്ടറി പരിസരത്തെ കുളമ്പൻ സഹീറിന്റെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പധികാരികൾ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നായിരുന്നു നാട്ടുകാരുടെ ഉപരോധ സമരം. തുടർന്ന് പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി മനുഷ്യനെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യ ജീവിതം ദുസ്സഹമായ സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.