പുൽപള്ളി (വയനാട്): ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ പുൽപള്ളി കല്ലുവയൽ പുലയൻമൂല കോളനിയിലെ വിദ്യാർഥികൾ. ഓൺലൈൻ പഠനം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല. കോളനിയിലെ വീടുകളിൽ പലതിലും വൈദ്യുതി ഇല്ലാത്തതാണ് കാരണം.
പുൽപള്ളി ടൗണിൽ നിന്നും ഏറെ അകലെയല്ലാത്ത കോളനിയിൽ വൈദ്യുതി എത്തിക്കാൻ നടപടിയില്ല. നിരവധി വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിലായി പഠിക്കുന്നുണ്ട്. ഇവർക്ക് മണ്ണെണ്ണ വിളക്കാണ് ആശ്രയം. സമീപത്തെ അംഗൻവാടിയിൽ ടി.വിയുണ്ടെങ്കിലും ഇതും തകരാറിലാണ്.
ഇതോടെയാണ് ഇവർക്ക് പഠിക്കാൻ പറ്റാതായത്. പത്താം ക്ലാസിലടക്കം പഠിക്കുന്നവർ ഇവിടെയുണ്ട്. ഓൺലൈൻ ക്ലാസ് തുടങ്ങിയതിനുശേഷം ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പത്താം ക്ലാസ് വിദ്യാർഥിനിയായ രേഷ്മ പറഞ്ഞു. സ്മാർട്ട് ഫോണും ഇവരുടെ വീടുകളിലില്ല.
പൊതുപരീക്ഷ വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. കോളനിയിലെ ആറ് വീടുകളിലാണ് വൈദ്യുതി ഇല്ലാത്തത്. വൈദ്യുതിക്കായി അപേക്ഷ നൽകി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതായി കോളനിവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.