വടുവഞ്ചാൽ: മേയ് 23ന് നാട്ടിലെത്തുമെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം മുമ്പേ തന്നെ സുമേഷ് നാട്ടിലെത്തും, ചേതനയറ്റ ശരീരവുമായി. ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച യുവ എൻജിനീയർ വടുവഞ്ചാൽ സ്വദേശി സുമേഷിെൻറ മരണം നാടിനെ കണ്ണീരിലാക്കി.
കല്ലിക്കണി മേലെ വെള്ളേരി സുധാകരൻ-ദേവയാനി ദമ്പതികളുടെ മകനാണ്. ആറ് മാസം മുമ്പാണ് സുമേഷ് അവസാനമായി നാട്ടിൽ വന്നുപോയത്. ഇതിനിടെ 23ന് വീണ്ടും നാട്ടിലെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിന് അത് താങ്ങാനാവാത്ത ആഘാതമായി.
ഏഴു വർഷമായി മുംബൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനീയറിങ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിട്ട്. രണ്ടു വർഷം മുമ്പാണ് ദൃശ്യയെ വിവാഹം കഴിക്കുന്നത്. വ്യാഴാഴ്ച രാവിലെ തന്നെ അപകടത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നതായി ബന്ധു സുരേഷ് പറഞ്ഞു.
അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. സുഹൃത്താണ് വിവരം ആദ്യം നൽകിയത്. ഇതിനിടെയാണ് വിളമ്പുകണ്ടം ഏച്ചോം സ്വദേശി ജോമിഷ് ജോസഫ് അപകടത്തിൽ മരിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയുന്നത്. പക്ഷേ, സുമേഷ് സുരക്ഷിതനായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു കുടുംബം. പക്ഷേ, പ്രതീക്ഷ കൈവിട്ടു. അധികം താമസിയാതെ മരണ വാർത്തയെത്തി. കുടുംബത്തിനും നാട്ടുകാർക്കും തീരാവേദനയായി.
ഞെട്ടലോടെയാണ് സുഹൃത്തുക്കളും നാട്ടുകാരും വാർത്ത കേട്ടത്. നിയുക്ത കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചു. സുമേഷിെൻറ മൃതദേഹം ശനിയാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നുണ്ട്.
കൽപറ്റ: ബാർജ് അപകടത്തിൽ മരിച്ച വിളമ്പുകണ്ടം ഏച്ചോം സ്വദേശി ജോമിഷ് ജോസഫിന് കുടുംബവും നാട്ടുകാരും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിക്കാനെത്തി. വൈകീട്ട് നാലോടെ ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.