തലപ്പുഴ: പുഴയില്‍ മുങ്ങിത്താഴ്ന്ന സഹപാഠിയെ അതിസാഹസികമായി രക്ഷിച്ചതിന് ശിവകൃഷ്ണന്‍ ധീരതക്കുള്ള ദേശീയ അവാര്‍ഡ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ 2021ലെ ധീരതക്കുള്ള ദേശീയ അവാര്‍ഡാണ് തലപ്പുഴ കരുണാലയത്തില്‍ പരേതനായ പ്രേംകുമാറിെൻറയും ലതയുടെയും മകന് കെ.എന്‍. ശിവകൃഷ്ണന്‍ ലഭിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനായി തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. 12 കുട്ടികളാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് കാല്‍വഴുതി കയത്തില്‍പെട്ടത്.
പുഴയിലെ കയത്തില്‍ കണ്മുന്നില് സഹപാഠികള്‍ മുങ്ങിത്താഴ്ന്നപ്പോള്‍ ശിവകൃഷ്ണന്‍ മറ്റൊന്നും ആലോചിക്കാതെ ഇവരെ രക്ഷിക്കാന്‍ പുഴയില്‍ എടുത്തുചാടി. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന സഹപാഠിയായ ജിത്തുവിന്റെ മുടിയില്‍ പിടിത്തം കിട്ടിയതോടെ ശിവകൃഷ്ണന്‍ ഇവനെയുംകൊണ്ട് കരപറ്റി.
മറ്റു രണ്ടുപേരെ കൂടി രക്ഷിക്കാന്‍ ശ്രമംനടത്തിയെങ്കിലും അപ്പോഴേക്കും ഇവര്‍ കാണാക്കയത്തിലേക്ക് മറഞ്ഞിരുന്നു. മുബസിലും ആനന്ദുമാണ് അന്ന് മരിച്ചത്. അപകടം നടന്ന സ്ഥലത്തിനടുത്താണ് ശിവകൃഷ്ണെൻറ വീട്. പുഴയില്‍ നന്നായി നീന്താനറിയുന്നതും ഈ സ്ഥലം സുപരിചതമായതും തുണയായി മാറി. ശിവകൃഷ്ണന്‍ നിലവില്‍ തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണിന് പഠിക്കുകയാണ്. സഹോദരന് ലാല്‍ കൃഷ്ണ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.