കൽപറ്റ: ചൂരൽമല ടൗണിനെ വീണ്ടെടുക്കാനെന്ന പേരിൽ ദുരന്തമേഖലയിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള മന്ത്രി രാജന്റെ പ്രഖ്യാപനം ടൂറിസം ലോബിയെയും കരാറുകാരെയും സഹായിക്കാനുള്ള ഗൂഢനിക്കത്തിന്റെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.
സമാനതകളില്ലാത്ത ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസം എങ്ങും എത്താതിരിക്കുമ്പോൾ ഒരാവശ്യവുമില്ലാത്ത റോഡും പാലവും പുഴ വൃത്തിയാക്കലിനും ധൃതിപ്പെട്ട് കരാർ നൽകുന്നതിൽ ഭരണകക്ഷിയും പ്രതിപക്ഷവും സ്ഥലം എം.എൽ.എയും ഒറ്റക്കെട്ടാണ്.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരി മട്ടത്തേക്ക് റോഡ് വെട്ടുന്നത് വരുംവർഷങ്ങളിൽ കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. ലോകത്ത് ഒരിടത്തും ഉരുൾ പൊട്ടിയ പ്രദേശത്തെയും നദികളിലെയും അനേകലക്ഷം ക്യൂബിക്ക് മീറ്റർ വരുന്ന അവശിഷ്ടങ്ങൾ നീക്കാൻ കരാർ നൽകിയതായി കേട്ടുകേൾവിയില്ല.
ദുരന്തത്തെ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങളുടെ കരാറും സാമ്പത്തിക ലാഭവും മാത്രമാണ് ഉദ്യോഗസ്ഥരുടെയും മറ്റും ലക്ഷ്യം. ദുരന്തത്തിന്റെ മുഖ്യ കാരണക്കാരായ ടൂറിസം ലോബിയെ വെള്ളപൂശുന്ന തിരക്കിലാണ് ഭരണ പ്രതിപക്ഷ നേതാക്കളും മതമേലധ്യക്ഷന്മാരും കപട കർഷക സംഘടനകളുമെന്നും യോഗം ആരോപിച്ചു.
എൻ. ബാദുഷ അധ്യക്ഷതവഹിച്ചു. എം. ഗംഗാധരൻ, തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, എ.വി. മനോജ്, പി.എം. സുരേഷ്, രാധാകൃഷ്ണലാൽ, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.