മാനന്തവാടി: ജലസംരക്ഷണത്തിനായി കേരളത്തിലെ പുഴകളിൽ നിർമിക്കുന്ന തടയണകൾ അനാവശ്യവും പുഴകളുടെ നാശത്തിന് വഴിവെക്കുന്നതുമാണെന്ന് മഗ്സാസെ അവാർഡ് ജേതാവും വിഖ്യാത ജലസംരക്ഷകനുമായ ഡോ. രാജേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. കബനീ നദിയിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുമായി വയനാട്ടിലെത്തിയ അദ്ദേഹം മാനന്തവാടിയിലെ പ്രളയബാധിത പ്രദേശങ്ങളും തടയണകളും സന്ദർശിച്ചു.
കേരളത്തിൽ ചെക്ക് ഡാം അശാസ്ത്രീയം
ഉയർന്ന മഴ ലഭിക്കുന്ന കേരളംപോലുള്ള പ്രദേശങ്ങളിൽ പുഴകളിലെ ചെക്ക് ഡാം അശാസ്ത്രീയമാണ്. ഇവിടെ തടയണകൾ പലതും തീർത്തും അപകടകരമായ സ്ഥലങ്ങളിലാണ് നിർമിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും ചെക്ക് ഡാമുകൾ കബനീനദി വഴിമാറി ഒഴുകുന്നതിനും പ്രളയത്തിെൻറ ആഘാതം വർധിപ്പിക്കുന്നതിനുമാണ് കാരണമാകുന്നത്. ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള മഴ ഏറ്റവും കുറഞ്ഞ വറ്റിപ്പോകുന്ന നീർച്ചാലുകളുള്ള പ്രദേശങ്ങളിലാണ് ചെക്ക് ഡാമുകൾ ആവശ്യമായി വരുന്നത്. കേരളത്തിൽ ഇത്തരം ചെക്ക് ഡാമുകൾ പ്രകൃതിക്ക് ദോഷം ചെയ്യുന്നവയാണ്. കാലാവസ്ഥ ദുരന്തങ്ങൾ അടിക്കടിയുണ്ടാവുന്ന കേരളത്തിൽ ചരിഞ്ഞ പ്രദേശങ്ങളിൽ നിര്‍മിക്കുന്ന ഇത്തരം ചെക്ക് ഡാമുകൾ കൂടുതൽ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. ഉയർന്നതോതിലുള്ള അഴിമതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇവിടെ പുഴകളിലും തോടുകളിലും തടയണകൾ നിർമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തടയണകൾ നിർമിക്കേണ്ടത് വരണ്ട പ്രദേശങ്ങളിൽ
വേനലിൽ വറ്റിപ്പോകുന്ന നീർച്ചാലുകളുള്ള വരണ്ട പ്രദേശങ്ങളിലാണ് തടയണകൾ നിർമിക്കേണ്ടത്. ഇതിലൂടെ വെള്ളം മണ്ണിനടിയിൽ സംഭരിച്ചുവെക്കുന്നതിന് കഴിയും. കൂടാതെ, ബാഷ്പീകരണത്തിലൂടെ ഉണ്ടാവുന്ന ജലനഷ്ടം കുറക്കാനും ഇത് സഹായിക്കും. എന്നാൽ, വേനലിലും വെള്ളം ഒഴുകുന്ന നദികളിൽ ചെക്ക് ഡാമുകൾ നിര്‍മിക്കുമ്പോള്‍ വെള്ളം ബാഷ്പീകരിക്കുന്നതിെൻറ തോത് വർധിക്കും. തീരങ്ങളിൽ പാറകളില്ലാത്തതും മണ്‍തിട്ടകള്‍ കൊണ്ട് രൂപപ്പെട്ടതും ആയ പുഴകളിൽ കോൺക്രീറ്റ് കൊണ്ടുള്ള സ്ഥിരം ചെക്ക് ഡാമുകൾ അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ വറ്റിവരണ്ട 12 നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിന് താൻ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ സഹായകരമായിട്ടുണ്ടെന്ന് ഡോ. രാജേന്ദ്ര സിങ് പറഞ്ഞു.
തരുൺ ഭാരത് സംഘ് എന്ന സംഘടനയിലൂടെ വരണ്ട പ്രദേശങ്ങളിലെ നദികളിൽ രാജേന്ദ്ര സിങ്ങിെൻറ നേതൃത്വത്തിൽ ഇതുവരെ 11800 ചെക്ക് ഡാമുകൾ നിർമിച്ചിട്ടുണ്ട്. ഇതിനൊപ്പം ജലഗ്രാമസഭകൾ നടത്തി അമിതമായി വെള്ളം ഉപയോഗിക്കുന്ന തരം കൃഷികളും ജീവിതരീതികളും ആ പ്രദേശങ്ങളിൽനിന്നും ഒഴിവാക്കിയുമുള്ള ദീർഘകാല അനുഭവങ്ങളില്‍നിന്നാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കബനി നദിയിൽ ഇന്നു കാണുന്നതിനേക്കാൾ മൂന്നിരട്ടി ഉയരത്തിലുള്ള ചെക്ക് ഡാമുകൾ കോൺക്രീറ്റ് ഇല്ലാതെതന്നെ തങ്ങള്‍ മറ്റു സ്ഥലങ്ങളിൽ നിർമിച്ചിട്ടുണ്ട്. അവയൊന്നും പ്രകൃതിക്കും സാധാരണ ജനങ്ങൾക്കും നാശം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, ഗുജറാത്ത് പോലുള്ള അങ്ങേയറ്റം വരണ്ട പ്രദേശങ്ങളിലും, ആഴത്തിൽ മണ്ണുള്ള സ്ഥലങ്ങളിലുമാണ് മണ്ണിനടിയിൽ വെള്ളം സംഭരിക്കാൻ കഴിയുക.
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴകളിൽ തടയണകള്‍ നിര്‍മിക്കുന്നത് പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ക്രമേണ അതില്‍ എക്കൽ വന്നടിയുകയും ചെയ്യും.പ്രളയത്തിെൻറ ആഘാതം കുറയ്ക്കാനെന്ന പേരില്‍ ഇങ്ങനെ വന്നടിഞ്ഞ മണല്‍ നീക്കം ചെയ്യുന്നത് ലാഭമോഹം കൊണ്ടു മാത്രമാണ്.
വേണ്ടത് വേനലിൽ നീരൊഴുക്ക് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ
നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പുഴകളുടെ പരിപാലനത്തിന് നേരിട്ട് പുഴകളിൽതന്നെ വെള്ളം തടഞ്ഞു നിർത്തുകയല്ല വേണ്ടത് എന്നും നദികളിലേക്ക് വേനൽക്കാലങ്ങളിൽ നീരൊഴുക്ക് ഉറപ്പുവരുത്തുന്ന തരത്തിലുള്ള ജനകീയ പ്രവർത്തനങ്ങളാണ് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം പുഴകളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മള് മനസ്സിലാക്കേണ്ടതുണ്ടെന്നും പുഴയുടെ ശോഷണം ഒരു ജനതയുടെ നാശത്തിെൻറ തുടക്കമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന സംവാദത്തിൽ വിദ്യാർഥികളും പൊതുജനങ്ങളും വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.
കേരളം പോലുള്ള, ധാരാളം മഴ പെയ്യുന്ന സ്ഥലത്ത് ജലസംരക്ഷണത്തിന് സ്വീകരിക്കേണ്ട ശരിയായ മാർഗം ആവാസ വ്യവസ്ഥകളെ ശക്തിപ്പെടുത്തുക എന്നുള്ളതാണെന്നും ഇന്ത്യൻ സമതലങ്ങളിൽ പ്രായോഗികമായ കാര്യങ്ങൾ പലതും പശ്ചിമഘട്ടത്തിൽ അപ്രായോഗികമായിരിക്കും എന്നതുമാണ് ആരവല്ലിയിലെ രാജേന്ദ്ര സിങ്ങിെൻറ അനുഭവങ്ങളില്‍നിന്ന് കേരളത്തിനു പഠിക്കാനുള്ളത് എന്ന് പരിപാടിയുടെ കണ്‍വീനര്‍ പി.എ. വിനയന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.