മേപ്പാടി: കൃത്യമായ രോഗ നിർണയം നടത്താനോ ചികിത്സിക്കാനോ ആരുമില്ലാതെ എന്താണ് രോഗമെന്നുപോലുമറിയാതെ ആദിവാസി പെൺകുട്ടി ദുരിതമനുഭവിക്കുന്നു. അമ്പലവയൽ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുറ്റാട് മണൽവയൽ കോളനിയിലെ കുഞ്ഞിമാളുവിന്റെ മകൾ സജിത (19) ആണ് രോഗം ബാധിച്ച് അവശനിലയിൽ ദുരിതപർവം താണ്ടുന്നത്. മതിയായ ചികിത്സ ലഭിക്കാത്തതിനാൽ അനുദിനം ശരീരം ശോഷിച്ച് മുടി കൊഴിഞ്ഞ് ദയനീയാവസ്ഥയിലായിരിക്കുകയാണിപ്പോൾ. രോഗത്തിന്റെ തുടക്കത്തിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രം പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കോളനിയിൽ തിരിച്ചെത്തിയശേഷം ഒരു വർഷത്തിലേറെക്കാലമായി ഒരു ചികിത്സയുമില്ല.
ട്രൈബൽ പ്രൊമോട്ടർ കോളനിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പോഷകാഹാരക്കുറവും കോളനിയിലെ കുടുംബങ്ങളിലുള്ളവർ നേരിടുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ നടത്തുന്നതിൽ കോളനിയിലുള്ളവർ പൊതുവേ വിമുഖരാണെന്നും സമീപവാസികൾ പറയുന്നു. ഇതിനെതിരെ ശക്തമായ ബോധവത്കരണം നടക്കണമെന്ന് സമീപവാസികൾ തന്നെ പറയുന്നു. അതോടൊപ്പം കോളനിയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗങ്ങൾ കണ്ടെത്തി ചികിത്സ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ട്രൈബൽ-ആരോഗ്യ വകുപ്പധികൃതരുടെ ശ്രദ്ധ കോളനിയിൽ പതിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആറു വീടുകളിലായി ഇരുപതോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.