ഓണവിപണി: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ്​

കൽപറ്റ: ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പി​െൻറ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങും.

ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്താനാണ് തീരുമാനം.

മായം കലരാത്ത സുരക്ഷിതമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ വൃത്തി, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക, സ്ഥാപനം നിയമാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക എന്നിവയാണ് സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധിക്കുക.

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവിടങ്ങളിലും ചെക്ക്പോസ്​റ്റുകളിലും പരിശോധന കര്‍ശനമാക്കും.

ഭക്ഷ്യസുരക്ഷ ലൈസന്‍സെടുക്കാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്​റ്റൻറ് കമീഷണര്‍ എസ്. അജി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തി​െൻറ സുരക്ഷയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 1800 425 1125 (ടോള്‍ ഫ്രീ), ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ (8943346192), കല്‍പറ്റ ഫുഡ് സേഫ്റ്റി ഓഫിസര്‍ (9072639570), മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫിസര്‍ (7593873342), സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫിസര്‍ (8943346570).

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്

• കമ്പോളവില നിലവാരത്തെക്കാള്‍ കുറഞ്ഞവിലക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ കാണണം. തേങ്ങയുടെയോ കൊപ്രയുടെയോ ചിത്രം കൊടുത്ത ഭക്ഷ്യ എണ്ണ പാക്കറ്റുകളിലെല്ലാം വെളിച്ചെണ്ണയല്ല. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പാക്കറ്റിന് പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

• കൃത്രിമ നിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുള്ള ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗങ്ങള്‍, ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ശര്‍ക്കരയും ഒഴിവാക്കുക.

• റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക.

• ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനു ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെള്ളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിനുശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുള്ള കീടനാശിനി സാന്നിധ്യം ഒരു പരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും.

•കേടായതോ പഴകിയതോ പുഴുക്കുത്തേറ്റതോ പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്.

•ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍നിന്നു മാത്രമേ ഭക്ഷണസാധനങ്ങള്‍ വാങ്ങാവൂ.

• പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.