സാമൂഹിക പ്രവർത്തകയെ വാടകവീട്ടില്‍നിന്ന് ഇറക്കിവിടാന്‍ പൊലീസ് ശ്രമമെന്ന്

കൽപറ്റ: വീടും ഭൂമിയും ഉറപ്പുനൽകി കുടിയൊഴിപ്പിച്ച സർക്കാറിന്‍റെ വഞ്ചനക്കെതിരെ സമരം പ്രഖ്യാപിച്ച ആദിവാസി സാമൂഹിക പ്രവർത്തക ഗൗരിയെ വാടക വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു. മല്ലികപ്പാറ ഊരു നിവാസിയായിരുന്ന ഗൗരി വര്‍ഷങ്ങളായി താമസിക്കുന്ന വാടകവീട്ടില്‍നിന്ന് ഇറക്കിവിടണമെന്ന് പൊലീസ് വീട്ടുടമസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു.

മല്ലികപ്പാറയിലെ ഒരേക്കറോളം ഭൂമിയില്‍ കൈവശാവകാശ രേഖയോടെ കൃഷി ചെയ്തു താമസിച്ചുവരുകയായിരുന്ന ഒമ്പതു കുടുംബങ്ങള്‍, മൂന്നു സെന്‍റ് ഭൂമി സ്വന്തമായി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് കാടിറങ്ങുകയായിരുന്നു. എന്നാല്‍ 10 കൊല്ലം മുമ്പത്തെ വാഗ്ദാനം പാലിക്കാന്‍ ഇന്നുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. കുടുംബങ്ങള്‍ കഴിഞ്ഞമാസം ഭൂമിയ്ക്കുവേണ്ടി സമരപ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് നേതൃത്വം കൊടുക്കുന്ന ഗൗരിയെ ഏതുവിധേനയും അടിച്ചമർത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് വീട്ടുടമസ്ഥനോട് വാടകവീടൊഴിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗരിയുടെ വീട്ടിൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടെന്ന കാരണം പറഞ്ഞാണ് വീടൊഴിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നത്. ഗൗരിയുടെ ഭർത്താവും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തകനുമായ അഷ്റഫിന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. നിർമാണ തൊഴിലാളികളാണ് അഷ്റഫും സുഹൃത്തുക്കളും. മുമ്പും സുഹൃത്തുക്കൾ അവിടെ താമസിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ ഉണ്ടാക്കിയെടുക്കുന്നത് ബോധപൂർവമാണ്.

അന്യായ നീക്കങ്ങൾക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മല്ലികപ്പാറ ഊരു നിവാസികൾക്ക്‌ വീടും കൃഷിഭൂമിയും നൽകി പ്രശ്നം പരിഹരിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്‍റ് ഹരി, സെക്രട്ടറി സുജ ഭാരതി എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Police trying to evict a social worker from rented house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.