കൽപറ്റ: ജില്ലയിലെ 4037 സർവേ നമ്പറുകളിലെ ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുമെന്ന് ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജില്ലയിൽ മൂന്ന് സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലുള്ളത് മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളിലേതുൾപ്പെടെ 12 തദ്ദേശ സ്ഥാപനങ്ങളിലെ ജനവാസമേഖലകളാണെന്ന് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയാറാക്കിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. തിരുനെല്ലി, പുൽപള്ളി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപുഴ, പൂതാടി, തവിഞ്ഞാൽ, മീനങ്ങാടി, പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയിലുള്ളത്.
ജില്ലയിലെ 4037 സർവേ നമ്പറുകളിലെ 3398 സർവേ നമ്പറുകൾ പൂർണമായും 639 സർവേ നമ്പറുകൾ ഭാഗികമായും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടും. സംസ്ഥാനത്ത് കരുതൽ മേഖലയിൽ കൂടുതൽ ആൾതാമസമുള്ളത് വയനാട് വന്യജീവി സങ്കേതത്തിന് സമീപമാണ്.
വീടുകളും കെട്ടിടങ്ങളും മറ്റുമായി 13,577 എണ്ണം നിലവിലെ റിപ്പോർട്ടുപ്രകാരം പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിധിയിലുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയിലാണ് ജില്ലയിൽ കൂടുതൽ സർവേ നമ്പറുകളിലെ ഭൂമി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്. നഗരസഭയിലെ 1368 സർവേ നമ്പറുകളിലെ ഭൂമിയിൽ 1149 പൂർണമായും 219 എണ്ണം ഭാഗികമായും കരുതൽ മേഖല പരിധിയിൽ ഈ റിപ്പോർട്ട് പ്രകാരം വരുന്നുണ്ട്.
തിരുനെല്ലി പഞ്ചായത്തിലെ പ്രദേശങ്ങൾ വയനാട് വന്യജീവി സങ്കേതത്തിന്റെയും വയനാടുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വനപ്രദേശങ്ങളുടെയും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നുണ്ട്. പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയിലാണ്.
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയിലാണ് ഏറ്റവുമധികം തദ്ദേശ സ്ഥാപനങ്ങളുള്ളത്. മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളും മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപുഴ, പൂതാടി, പുൽപള്ളി, തിരുനെല്ലി പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.