കല്പറ്റ: രാജ്യത്തെ കര്‍ഷകരെ ഊറ്റി ബിനാമികളെ സഹായിക്കുകയാണ് കേന്ദ്രഭരണം കൈയാളുന്നവരെന്ന് സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്. ദേശീയ കര്‍ഷക പ്രക്ഷോഭത്തിെൻറ ഭാഗമായി കൽപറ്റ കൈനാട്ടിയിലെ ജില്ല വ്യാപാര ഭവന് ഓഡിറ്റോറിയത്തിൽ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിലും വികസന സെമിനാറിലും മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കാര്‍ഷിക മേഖലയാകെ തകര്‍ന്നു. രാജ്യത്തെ മഹാഭൂരിപക്ഷം കര്‍ഷകര്‍ക്കും അവരുല്പാദിപ്പിക്കുന്ന വിളകളുടെ മുടക്കു മുതല്‍ പോലും ലഭിക്കുന്നില്ല. ആകെ വിലയുടെ പകുതിയോളം ഇടനിലക്കാര്‍ക്കായി വീതിച്ചുപോവുകയാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഈ കോര്‍പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കര്‍ഷകര്‍ക്ക് കിട്ടേണ്ട വില യഥാര്‍ഥത്തില്‍ മറ്റ് പലയിടങ്ങളിലേക്കാണ് വഴിമാറിപ്പോവുന്നത്. അദാനി, അംബാനി കുത്തക കോര്‍പറേറ്റുകള്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കാര്‍ഷിക വിളകള്‍ വാങ്ങി വലിയ വിലയ്ക്ക് മറിച്ചു വില്‍ക്കുകയാണ്.
കര്‍ഷകരുടെ ഭാഗത്ത് നില്ക്കാന് സര്‍ക്കാര്‍ സംവിധാനങ്ങളില്ലാതായതോടെ കാര്‍ഷിക മേഖലയാകെ കുത്തകള്‍ കൈയടക്കി വെക്കുന്ന സ്ഥിതിയായി. കോര്‍പറേറ്റുകള്‍ അധ്വാനിക്കുന്നവരായല്ല, അധ്വാനിക്കുന്നവരെ കബളിപ്പിക്കുന്നവരായാണ് ലാഭമുണ്ടാക്കുന്നത്. ഈ അനീതിക്കെതിരെയാണ് കര്‍ഷകരുടെ സമരം. കാര്‍ഷിക സമരത്തെ പിന്തുണക്കേണ്ടത് അതിനാല്‍ തന്നെ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരേൻറയും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പി പള്ളിയാല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധി കലക്ടിവ് മൂവ്മെൻറ് സംസ്ഥാന ചെയര്മാന് സണ്ണി പൈക്കട വിഷയാവതരണം നടത്തി. സംയുക്ത കിസാന്‍ മോര്‍ച്ച കോഓഡിനേറ്റര്‍ പി.ടി. ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, അഡ്വ. ബിനോയ് തോമസ്, പി.പി. ഷൈജല്‍ എന്നിവർ സംസാരിച്ചു.
കാഞ്ഞിരത്തിനാൽ കുടുംബത്തിെൻറ ഭൂസമര പന്തല്‍ പ്രശാന്ത് ഭൂഷൺ സന്ദർശിച്ചു
കല്പറ്റ: കലക്ടറേറ്റ് പടിക്കലെ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിെൻറ ഭൂസമരപ്പന്തല്‍ സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ് സന്ദര്‍ശിച്ചു. ദേശീയ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് സംയുക്ത കിസാന്‍ മോര്‍ച്ച ജില്ലഘടകം കൈനാട്ടി വ്യാപാരഭവനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ശനിയാഴ്ച ഉച്ച 12നാണ് സമരപ്പന്തലിലെത്തിയത്. നാലു പതിറ്റാണ്ടിലധികമായി കുടുംബം നേരിടുന്ന നീതിനിഷേധവും 2015 ആഗസ്റ്റ് 15ന് കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനിടയായ സാഹചര്യവും ജയിംസ് വിശദീകരിച്ചു. പി.ടി. ജോണും അഡ്വ. ജോണ്‍ ജോസഫും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അരമണിക്കൂറോളം പന്തലില്‍ ചെലവഴിച്ച അദ്ദേഹം ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്ന് വാങ്ങി. കുടുംബത്തിന് നിയമസഹായം ലഭ്യമാക്കുന്നതില്‍ രേഖകള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ച ദക്ഷിണേന്ത്യന്‍ കോഓഡിനേറ്റര്‍ പി.ടി. ജോണ്‍, സ്വരാജ് അഭിയാന് നാഷനല്‍ സ്റ്റിയറിങ് കമ്മിറ്റി അംഗം കെ. വിശ്വംഭരന് എന്നിവര്‍ കൂടെയുണ്ടായിരുന്നു. പന്തല്‍ പരിസരത്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജോണ്‍ ജോസഫ്, കാഞ്ഞിരത്തിനാല്‍ ഭൂസമര സഹായസമിതി ഭാരവാഹികളായ പി.പി. ഷൈജല്‍, ലത്തീഫ് മാടായി, കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളായ ജയിംസ്, ഭാര്യ ട്രീസ, മക്കളായ വിബിന്, നിധിന് എന്നിവര്‍ ചേര്‍ന്ന് പ്രശാന്ത് ഭൂഷണെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.