പുൽപള്ളി: രണ്ട് വർഷത്തെ ഇടവേളക്കുശേഷം അതിർത്തിയിലെ കർണാടക ഗ്രാമങ്ങളിൽ നിന്ന് വിദ്യാർഥികൾ വീണ്ടും പഠനത്തിനായി കേരളത്തിലെത്തുന്നു. കബനി നദിയിലൂടെ തോണി യാത്ര ചെയ്താണ് വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലെത്തുന്നത്.
ബൈരക്കുപ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം മലയാളി വിദ്യാർഥികൾ കബനി കടന്ന് നിത്യവും വിദ്യാഭ്യാസത്തിനായി വയനാട്ടിലെത്തുന്നുണ്ട്. കർണാടക അതിർത്തി ഗ്രാമങ്ങളിൽ വിദ്യാലയങ്ങൾ ഉണ്ടെങ്കിലും അവിടെ മലയാളം പഠിപ്പിക്കാത്തതിനാലാണ് കുട്ടികൾ കേരളത്തിലേക്ക് കടന്നുവരുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡിനെത്തുടർന്ന് കുട്ടികൾക്ക് വിദ്യാലയങ്ങളിലെത്തി പഠിക്കാൻ സാധിച്ചിരുന്നില്ല. ഇതിനുപുറമെ തോണി യാത്രക്ക് കർണാടക അനുമതി നിഷേധിച്ചതും കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു.
പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് കൂടുതൽ കുട്ടികളും പഠിക്കുന്നത്. രാവിലെയും വൈകീട്ടും ഇവർ തോണികളിൽ കയറിയാണ് സ്കൂളുകളിൽ എത്തുന്നത്. ഇത്തവണ സ്കൂൾ തുറന്നതോടെ കുട്ടികൾ വീണ്ടും തോണി കടന്ന് സ്കൂളുകളിലെത്താൻ തുടങ്ങി. ജലഗാതാഗതത്തിനുള്ള അനുമതി കർണാടക നൽകിയതോടെയാണ് കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിൽ എത്തിയത്. ഇതിന്റെ സന്തോഷത്തിലാണ് കുട്ടികളെല്ലാം. സൗജന്യമായാണ് കുട്ടികളെ തോണി സർവിസ് നടത്തുന്നവർ അക്കരെ ഇക്കരെ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.