പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ വേലിയമ്പം, മരകാവ്, മൂഴിമല പ്രദേശങ്ങളിൽ കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചക്കിടെ കാട്ടാന വരുത്തിയത് ലക്ഷങ്ങളുടെ നാശമാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ വനപാലകർക്കും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേലിയമ്പത്തെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന രണ്ടാഴ്ചക്കിടെ വൻ നാശമാണ് വരുത്തിയത്. മൂരിക്കിടാവിനെ കുത്തികക്കൊലപ്പെടുത്തുകയും മറ്റൊരു വീടിന്റെ മതിൽ തകർക്കുകയും വ്യാപക കൃഷിനാശം ഉണ്ടാക്കുകയും ചെയ്തു. മരകാവ് പള്ളിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ ആന വാഴ, കാപ്പി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
ആനയുടെ മുന്നിൽപ്പെട്ട പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്ന് കിടക്കുകയാണ്. വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകൾ പ്രതിരോധ സംവിധാനങ്ങൾ മറികടന്നാണ് നാട്ടിലേക്കിറങ്ങുന്നത്. ഓരോ ദിവസവും ഇത് താൽകാലികമായി നന്നാക്കാറുണ്ടെങ്കിലും ആനകളിറങ്ങുന്നത് തുടരുകയാണ്.
പുൽപള്ളി, നടവയൽ റൂട്ടിൽ ഉൾപ്പെട്ട മരകാവ് മുതൽ വെലിയമ്പം വരെയുള്ള റോഡിലൂടെ രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി പ്രക്ഷോഭങ്ങൾ നാട്ടുകാർ നടത്തിയിട്ടും ആനശല്യത്തിന് സ്ഥിരം പരിഹാരം കണ്ടെത്താനുള്ള നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.